ദേശീയം

ബിജെപിയില്‍ കടുത്ത അവഗണന ; എസ്എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു ?

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണ ബിജെപി ബന്ധം ഉപേക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബിജെപി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയ്ക്ക് പിന്നാലെ മകള്‍ക്ക് സീറ്റ് നല്‍കാത്തതും കൃഷ്ണയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് ഒരു വര്‍ഷം മുമ്പാണ് കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ രാജരാജേശ്വരി സീറ്റ് മകള്‍ ശംഭവിക്ക് നല്‍കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി പുറത്തുവിട്ട ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൃഷ്ണയുടെ മകള്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത് അദ്ദേഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. അടുത്ത പട്ടികയിലും മകളെ പരിഗണിച്ചില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ടേക്കുമെന്നാണ് അഭ്യൂഹം. കോണ്‍ഗ്രസിലേക്കു മടങ്ങുന്നത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. 

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വര, സംസ്ഥാന ഊര്‍ജ്ജമന്ത്രി  ഡികെ ശിവകുമാര്‍ എന്നിവരുമായി കൃഷ്ണ ചര്‍ച്ച നടത്തിയതായാണ് സൂചന. കൃഷ്ണയുടെ മടങ്ങിവരവില്‍ ഇരു നേതാക്കള്‍ക്കും അനുകൂല നിലപാടാണ്. ഇവര്‍ ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെയും, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും അനുമതി ലഭിച്ചാല്‍ കൃഷ്ണയുടെ മടങ്ങിവരവ് യാഥാര്‍ത്ഥ്യമാകും. 

കഴിഞ്ഞ വര്‍ഷം ആദ്യം കോണ്‍ഗ്രസില്‍നിന്നു രാജിവച്ച കൃഷ്ണ രണ്ടുമാസത്തിന് ശേഷമാണു ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍, ബിജെപിയില്‍ പദവിയൊന്നും ലഭിച്ചില്ല. ഇതിനിടെ കൃഷ്ണയെ ഉപരാഷ്ട്രപതി ആക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.  കൃഷ്ണയുടെ ബിജെപി ബാന്ധവത്തിന് ഒരു വയസ്സ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണു മാതൃസംഘടനയിലേക്കുള്ള മടക്കത്തിനു വഴിയൊരുങ്ങുന്നത്. 

50 വര്‍ഷത്തോളം നീണ്ട കോണ്‍ഗ്രസ് സഹവാസം അവസാനിപ്പിച്ച് 2017 മാര്‍ച്ചിലാണ് കൃഷ്ണ ബിജെപിയിലേക്കു ചേക്കേറിയത്. 
എണ്‍പത്തിനാലുകാരനായ കൃഷ്ണ, 1962 ല്‍ പിഎസ്പി ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1968 ല്‍ മണ്ഡ്യയില്‍ നിന്നും ലോക്‌സഭാംഗമായ കൃഷ്ണ 70 കളുടെ തുടക്കത്തിലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1999 ല്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലെത്തിയപ്പോള്‍ കൃഷ്ണ മുഖ്യമന്ത്രിയായി. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായി. തുടര്‍ന്ന് മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടര്‍ന്നു. കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷമാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി അദ്ദേഹം പാര്‍ട്ടി വിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം