ദേശീയം

മോദിയെ പുറത്താക്കാന്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പുതുതന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച തന്ത്രം ലോക്‌സഭ തെരഞ്ഞെടുപ്പിലും പിന്തുടരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്നുകാട്ടുന്ന പ്രചാരണ തന്ത്രമാണ് പ്രയോഗിച്ചത്. ഇതിനായി രാഹുല്‍ ഗാന്ധി സംസ്ഥാനം ഒന്നടങ്കം യാത്ര ചെയ്തു. യാത്രയിലുടനീളം മോദിയുടെ നയങ്ങളെ വിമര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി സമയം കണ്ടെത്തിയത്. സമാനമായ നിലയില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രചാരണരംഗം ക്രമീകരിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആസന്നമായിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുടരുന്നത് സമാനമായ തന്ത്രമാണ്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരെ ആവേശം കൊളളിക്കാന്‍ രാഹുലിന്റെ സംസ്ഥാന യാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കൂടാതെ സമകാലിക വിഷയങ്ങളില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് അനുകൂല രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്താനും രാഹുലിന് സാധിച്ചിട്ടുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രചാരണ രംഗത്ത് കോണ്‍ഗ്രസ് ബിജെപിയെക്കാള്‍ മേല്‍ക്കൈ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഗുജറാത്തിലും കര്‍ണാടകയിലും പരീക്ഷിച്ച് വിജയിച്ച രാഹുലിന്റെ യാത്ര മോഡല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം പ്രയോഗിക്കാനാണ് കോണ്‍ഗ്രസ് പരിപാടിയിടുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പയറ്റിയ യാത്ര മാതൃക ജനങ്ങളുമായും താഴെത്തട്ടിലെ പ്രവര്‍ത്തകരുമായും കൂടുതല്‍ ഇടപഴകാന്‍ സഹായിച്ചു.ഈ രീതി ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രയോഗിച്ചാല്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

പ്രചാരണത്തിനായി രാഹുല്‍ മുഖ്യമായി ബസാണ് ഉപയോഗിച്ചത്. ഇത് ഗ്രാമീണ മേഖലയുമായി കൂടുതല്‍ അടുക്കാന്‍ സഹായിച്ചതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. രാഹുലിനെ ഒരു നോക്കുകാണാന്‍ ഗ്രാമവാസികള്‍ ഗുജറാത്തില്‍ തിരക്കുകൂട്ടുകയായിരുന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രചാരണമെന്നതാണ് രാഹുലിന്റെ ആശയം. ഇത്തരം രീതികള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും പിന്തുടരാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. 

അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് യുവത്വം കൊണ്ടുവരുന്നതിനുളള ശ്രമത്തിലാണ്. നിര്‍ണായക സ്ഥാനങ്ങളില്‍ യുവാക്കള്‍ക്ക് സ്ഥാനം നല്‍കിയും മറ്റും പാര്‍ട്ടിയെ ഉടച്ചുവാര്‍ത്ത് പുതുജീവന്‍ നല്‍കാനുളള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം