ദേശീയം

'കക്കൂസില്ലെങ്കില്‍ അരിയില്ല' :  വിവാദമായതോടെ കിരണ്‍ബേദി ഉത്തരവ് പിന്‍വലിച്ചു 

സമകാലിക മലയാളം ഡെസ്ക്


പുതുച്ചേരി : ശുചിമുറി സൗകര്യം ഇല്ലാത്തവര്‍ക്ക് സൗജന്യ റേഷന്‍ അരി തടഞ്ഞുകൊണ്ടുള്ള വിവാദ ഉത്തരവ് പുതുച്ചേരി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി പിന്‍വലിച്ചു. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് നടപടി. മേയ് 31ന് അകം എല്ലാ വീടുകളിലും ശുചിമുറി സൗകര്യം ഒരുക്കുകയും ഗ്രാമങ്ങളില്‍ ശുചീകരണ പ്രവൃത്തി നടത്തുകയും ചെയ്തില്ലെങ്കില്‍ സൗജന്യ അരി വിതരണം നിര്‍ത്തുമെന്നായിരുന്നു കിരണ്‍ ബേദിയുടെ പ്രഖ്യാപനം. എംഎല്‍എ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തി സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ പിന്നീട് ആനൂകൂല്യങ്ങള്‍ പുനഃസ്ഥാപിക്കൂ എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എല്ലാവര്‍ക്കും സൗജന്യമായി അരി വേണം, വാര്‍ധക്യകാല പെന്‍ഷന്‍ വേണം, വിധവാ പെന്‍ഷന്‍ വേണം. എന്നാല്‍, നിങ്ങളുടെ ഗ്രാമം വൃത്തിയായി സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല. ഇനി സൗജന്യമായി അരി വേണമെങ്കില്‍ കാര്‍ഡുടമയും കുടുംബാംഗങ്ങളും തുറസ്സായ സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നില്ലെന്നും ഗ്രാമം വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നുമുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ബേദി ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി വി. നാരായണസ്വാമിക്കെഴുതിയ കത്തില്‍ ഗ്രാമങ്ങള്‍ വൃത്തിയാക്കുന്നതിന് മേയ് 31 വരെ സമയം നല്‍കാന്‍ സിവില്‍ സപ്ലൈസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ബേദി വ്യക്തമാക്കി.  എന്നാൽ ​ഗവർണറുടെ ഉത്തരവിനെതിരെ കോൺ​ഗ്രസും എഐഎഡിഎംകെ അടക്കമുള്ള പാർട്ടികൾ രം​ഗത്തെത്തി. പ്രതിഷേധം കനത്തതോടെ ​ഗവർണർ നിലപാട് മയപ്പെടുത്തി. 

ജൂൺ അവസാനത്തോടെ പൊതുസ്ഥലത്തെ മലമൂത്ര വിസർജ്ജനത്തിൽനിന്ന് പുതുച്ചേരിയെ മുക്തമാക്കണമെന്ന് മാത്രമാണ് ഈ നിർദ്ദേശത്തിലൂടെ ഉദ്ദേശിച്ചത്. എന്നാൽ, ഉത്തരവ് തെറ്റായാണ് വ്യാഖ്യാനിച്ചത്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും പരിസരം ശുചിയാക്കാനും ജനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുകയാണ്. നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം അതുവരെ മരവിപ്പിക്കുന്നു. കിരൺ ബേദി ട്വിറ്ററിൽ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്