ദേശീയം

പ്രതിപക്ഷഐക്യം വെറും രാഷ്ട്രീയ സാഹസം, 2019ല്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടും: മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ മാര്‍ജിനില്‍ 2019ല്‍ ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സഖ്യം ചേര്‍ന്ന് വിശാല മുന്നണിയ്ക്ക് രൂപം നല്‍കാനുളള നീക്കം പരാജയപ്പെട്ട ആശയമാണെന്നും മോദി പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ശക്തവും ദൃഢവുമായ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നാണെന്നും മോദി ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് ആള്‍ക്കൂട്ടക്കൊല വര്‍ധിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ഇതിനെ ശക്തമായ ഭാഷയിലാണ് മോദി അപലപിച്ചത്. ലക്ഷ്യം എന്തുതന്നെയായാലും ആള്‍ക്കൂട്ടക്കൊല കുറ്റം തന്നെയാണെന്ന് മോദി പറഞ്ഞു. അഴിമതിക്കാരെ ശിക്ഷിക്കുകയും സത്യസന്ധമായി ബിസിനസ്സ് നടത്തുന്നവരെ സംരക്ഷിക്കുകയും ചെയ്യുമെന്ന വാഗ്ദാനം പാലിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മോദി പറഞ്ഞു.

പ്രത്യയശാസ്ത്രപരമായ അടിത്തറയില്ലാത്ത വിവിധ പാര്‍ട്ടികളുടെ കൂട്ടായ്മയെ വിശാല മുന്നണിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ഇത് രാഷ്ട്രീയമായ സാഹസികതയാണെന്നും മോദി പരിഹസിച്ചു. വികസനത്തെ അടിസ്ഥാനമാക്കി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനാണ് ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിനെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കും മോദി മറുപടി നല്‍കി. നീണ്ടകാലം അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. അതുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നതില്‍ നിന്നും പിറകോട്ട് പോയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുമുണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും മോദി ആരോപിച്ചു.

റാഫേല്‍ യുദ്ധവിമാന കരാര്‍ സത്യസന്ധവും സുതാര്യവുമാണ്. സര്‍ക്കാരുകള്‍ തമ്മില്‍ പരസ്പരധാരണ പ്രകാരമുളള കരാറിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിട്ട് ദേശീയ താത്പര്യത്തെ ഹനിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത