ദേശീയം

സിസി ടിവികള്‍ 'കണ്ണടച്ച'ത് സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ; വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്തിയെന്ന ആരോപണം ശക്തമാകുന്നു

സമകാലിക മലയാളം ഡെസ്ക്

 ഭോപ്പാല്‍: അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്ന് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലെ സിസിടിവി ക്യാമറ പ്രവര്‍ത്തനരഹിതമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ആരോപണം ശരിവയ്ക്കുന്ന കണ്ടെത്തലാണ് കമ്മീഷനും ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഒരു മണിക്കൂറോളമാണ് വൈദ്യുതി ബന്ധം മുടങ്ങിയത്. 

 സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും എല്‍ഇഡി ഡിസ്‌പ്ലേയും രാവിലെ 8.19 മുതല്‍ 9.35 വരെ പ്രവര്‍ത്തിച്ചില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇത്തരം തടസ്സങ്ങളുണ്ടായാല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വേറെ എല്‍ഇഡി സ്‌ക്രീനും, ഇന്‍വെര്‍ട്ടറും ജനറേറ്ററും നല്‍കിയിരുന്നുവെങ്കിലും അവയും ഉപയോഗിച്ചിട്ടില്ലെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസമായിട്ടും സാഗറിലെ വോട്ടിങ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഏല്‍പ്പിക്കാതിരുന്ന സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഓള്‍ഡ് ജയിലിലെ സ്‌ട്രോങ് റൂം പൂട്ടിയിരുന്നില്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണവും കമ്മീഷന്‍ ശരിവച്ചിട്ടുണ്ട്. പരാതി ലഭിച്ചതിന് ശേഷം സ്‌ട്രോങ് റൂം പൂട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
 മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ജനവിധി തേടുന്ന സാഗറില്‍ റിസര്‍വ് ഉള്ള വോട്ടിങ് മെഷീനുകള്‍ നമ്പര്‍പ്ലേറ്റ് ഇല്ലാത്ത സ്‌കൂള്‍ബസില്‍ നീക്കം ചെയ്തതായും രണ്ട് മണിക്കൂറിന് ശേഷം തിരികെ എത്തിച്ചതായും കോണ്‍ഗ്രസ് എംപി വിവേക് തന്‍ഹ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്