ദേശീയം

മിന്നൽ പ്രളയത്തിൽ നദി കര കവിഞ്ഞു; ​370 അടി താഴ്ചയുള്ള ‘എലിമട’യിൽ കുടുങ്ങിയ 13 പേരെ കണ്ടെത്തിയില്ല; തിരച്ചിൽ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: മേഘാലയയിൽ കിഴക്കൻ ജെയ്ൻതിയ പർവതമേഖലയിലെ അനധികൃത കൽക്കരി ഖനിയിൽ കുടുങ്ങിയ 13 പേരെ കണ്ടത്താൻ ഊർജിത ശ്രമം തുടരുന്നു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ രണ്ട് സംഘവും സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സംഘവും ഉൾപ്പെടെ നൂറിലേരെ പേർ ചേർന്നാണു രക്ഷാപ്രവർത്തനം. ബോട്ടുകളും ക്രെയ്നുകളും ഉപയോ​ഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 

ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയത്തിൽ സമീപത്തെ നദി കരകവിഞ്ഞൊഴുകിയപ്പോൾ വെള്ളം ഖനിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നാലെ ഇടിഞ്ഞുതകരുകയും ചെയ്തു. കൊടുംകാടിനു സമീപത്താണ് ഖനി. 

കൽക്കരിയാൽ സമ്പന്നമാണു ജെയ്ൻതിയ പർവത മേഖല. ബംഗ്ലദേശ് അതിർത്തിയോടു ചേർന്ന ഈ മേഖലയിലെ ഖനികളെല്ലാം നിയമവിരുദ്ധവും സുരക്ഷാ സംവിധാനങ്ങളില്ലാത്തതുമാണ്. ‘എലിമടകൾ’ എന്നറിയപ്പെടുന്ന ഇത്തരം ഖനികളിൽ കുട്ടികൾ അടക്കമുള്ള തൊഴിലാളികൾ നൂറുകണക്കിനു അടി ആഴത്തിലേക്ക് മുള ഏണി വച്ചിറങ്ങിയാണു കൽക്കരി ശേഖരിക്കുക. ഭൂഗർഭ ജലം മലിനമാക്കുന്നുവെന്നു കാണിച്ച് 2014ൽ ഇത്തരം ഖനികളുടെ പ്രവർത്തനം ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചതാണ്. ഉപേക്ഷിക്കപ്പെട്ട ഖനികളിൽ പലതും പക്ഷേ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇത്തരമൊരു അനധികൃത ഖനിയിൽ ഇറങ്ങിയ 13 ഗ്രാമീണരാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. 

ഖനിയിൽ ബോട്ടിൽ എത്തിച്ചേരാവുന്നിടത്തോളം ഭാഗത്തേക്കു പോയെങ്കിലും ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. അറുപതാൾ ആഴത്തില്‍, 370 അടി താഴെയാണ് 13 പേരും കുടുങ്ങിക്കിടക്കുന്നത്. 

മഴ മാറിയെങ്കിലും ചെളിയും കൽക്കരിപ്പൊടിയും കലങ്ങിയ വെള്ളത്തിലൂടെ തിരച്ചിൽ ദുഷ്കരമാണ്. ഖനിയ്ക്കകത്ത് വെളിച്ചവും കുറവ്. വെള്ളം വറ്റിച്ചുകളയാനുള്ള ശ്രമങ്ങളും തുടരുകയാണ്. നിലവിൽ 70 അടി ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്. ഖനിക്കുള്ളിൽ പല വഴികളായി പിരിയുന്ന അറകളുള്ളതും അന്വേഷണം തടസ്സപ്പെടുത്തുന്നു. ഖനിയുടെ ഉള്ളറയുടെ മാപ്പില്ലാത്തതും തിരിച്ചടിയായി. 

വ്യാഴാഴ്ച രാവിലെയോടെയാണ് 13 പേർ കുടുങ്ങിയ വിവരം അധികൃതർ അറിഞ്ഞത്. ഒരാഴ്ച മുൻപു മാത്രമാണ് ഇവിടെ അനധികൃത ഖനനം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. അസം മേഘാല എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ് കുടുങ്ങിയവരെല്ലാം. അനധികൃത ഖനിയുടെ ഉടമയ്ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നതിനു പിന്നാലെ ഇയാൾ ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി