ദേശീയം

മോദി പ്രഭാവമൊക്കെ പഴങ്കഥ: പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി തകര്‍ന്നടിഞ്ഞു; ആദിത്യനാഥിനും രക്ഷയില്ല, റിപ്പോര്‍ട്ട് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് തോല്‍വിയെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ മോദി പ്രചാരണത്തിനെത്തിയ 70ശതമാനം നിയമസഭ മണ്ഡലങ്ങളിലും പാര്‍ട്ടി തോല്‍വി അറിഞ്ഞു. ഇന്ത്യസ്‌പെന്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. മോദി പ്രഭാവം മങ്ങുന്നതിന്റെ തെളിവാണ് ഇതെന്ന് പ്രതിപക്ഷം പ്രതികരിച്ചു. 

80 മണ്ഡലങ്ങളാണ് മോദി ഇത്തവണ പ്രചാരണത്തിനായി തെരഞ്ഞെടുത്തത്. ഇതില്‍ 57ഇടങ്ങളിലും ബിജെപി പരാജയപ്പെട്ടു. 23 മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഏറ്റവും കൂടുതല്‍ പ്രചാരണങ്ങള്‍ നയിച്ചത് രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായിരുന്നു. 22 റാലികള്‍ ഇവിടങ്ങളില്‍ മോദി നടത്തി. എന്നാല്‍ 54 സീറ്റില്‍ 22 ഇടത്ത് മാത്രമാണ് വിജയിച്ചത്. ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളില്‍ 26 മണ്ഡലങ്ങളിലായി എട്ടു പ്രചാരണ റാലികള്‍ നടത്തി. എന്നാല്‍ ഒരൊറ്റ മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. ആദിത്യനാഥ് പ്രചാരണം നടത്തിയ 59ശതമാനം മണ്ഡലങ്ങളിലും ബിജെപി തറപറ്റി. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ 63 മണ്ഡലങ്ങളിലാണ് ആദിത്യനാഥ് പ്രചാരണം നടത്തിയത്. 63 ഇടങ്ങളില്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്. 

ഛത്തീസ്ഗഢില്‍ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം. 2013 ല്‍ 16 സീറ്റുകളാണ് ബിജെപി ഇവിടെ നേടിയത്. മധ്യപ്രദേശില്‍ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളില്‍ അഞ്ച് എണ്ണത്തില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം. രാജസ്ഥാനില്‍ യോഗിയെത്തിയ 26 മണ്ഡലങ്ങളില്‍ 13 ഇടത്തു മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഹിന്ദി ഹൃദയഭൂമിയില്‍ തീവ്ര ഹിന്ദുത്വവാദിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപിയുടെ മുഖ്യപ്രചാരകനായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലായി 58 തെരഞ്ഞെടുപ്പ് റാലികളിലാണ് ആദിത്യനാഥ് പങ്കെടുത്തത്. 42 ഇടത്ത് ബിജെപി തോറ്റപ്പോള്‍ 27 ഇടത്ത് വിജയം കണ്ടു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 27 പൊതുറാലികളില്‍ ആദിത്യനാഥ് എത്തി. ഇതില്‍ 37 മണ്ഡലങ്ങളില്‍ 21 ഇടത്ത് ബിജെപി വിജയിച്ചു. ഛത്തീസ്ഗഢില്‍ മൊത്തം 23 പൊതുയോഗങ്ങളിലാണ് യോഗി പങ്കെടുത്തത്. എന്നാല്‍ വിജയം ഒപ്പം നിന്നത് അഞ്ചിടത്ത് മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്