ദേശീയം

ഖനിയില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവരുന്നു: തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന് രക്ഷാസേന; നിസഹായാവസ്ഥയില്‍ എന്‍ഡിആര്‍എഫ്, സര്‍ക്കാര്‍ ഇപ്പോഴും ഉറക്കത്തില്‍

സമകാലിക മലയാളം ഡെസ്ക്

മേഘാലയയിലെ സായ്പുങ്ങ് കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന പതിനഞ്ച് തൊഴിലാളികളെ രക്ഷിക്കുന്നത് സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വകയില്ലെന്ന് സൂചന നല്‍കി നാഷ്ണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്(എന്‍ഡിആര്‍എഫ്). ഖനിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്നും അതൊരു നല്ല സൂചനയല്ലെന്നും എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകുമെന്നും ശരീരം ചീഞ്ഞളിയുന്നതിന്റെ ദുര്‍ഗന്ധമാകാം പുറത്തുവരുന്നതെന്നും എന്‍ഡിആര്‍എഫ് കരുതുന്നു. 

ഡിസംബര്‍ പതിമൂന്നിനാണ് തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയത്. അടുത്തുള്ള നദിയില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് മണ്ണിടിഞ്ഞത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. ഖനിയിലെ വെള്ളം പമ്പ് ചെയ്തുകളയാന്‍ സാധിക്കാത്ത അവസ്ഥിയിലാണ് രക്ഷാസേന. നിലവില്‍ 25 എച്ച്പിയുടെ രണ്ട് പമ്പുകള്‍ മാത്രമാണ് രക്ഷാസേനയുടെ കൈവശമുള്ളത്. ഇവ കാര്യക്ഷമമല്ലാത്തതുകൊണ്ട് പമ്പിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 

100 എച്ച്പിയുടെ പത്ത് പമ്പുകളെങ്കിലും വേണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. ജില്ലാ ഭരണകൂടം അപേക്ഷ സംസ്ഥാന ഗവണ്‍മെന്റിന് കൈമാറിയെങ്കിലും ബിജെപി നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. സാധാരണക്കാരുടെ ജീവന് ഒരുവിലയും സര്‍ക്കാര്‍ കല്‍പിക്കുന്നില്ലെന്ന് ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. 

മൂന്നുദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്നു ഹെല്‍മെറ്റുകള്‍ മാത്രമാണ് കണ്ടെത്താനായത്. അകത്തുള്ള തൊഴിലാളികളെക്കുറിച്ച് ഒരു തരത്തിലുമുള്ള വിവരവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് രക്ഷാസേന വ്യക്തമാക്കി. നിലവില്‍ എഴുപതടിയോളം ഉയരത്തില്‍ ജലമുണ്ട്. ഖനിയുടെ ഏത് അറയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കണ്ടെത്താന്‍ ഇതാണ് തടസ്സമാകുന്നത്. 

ക്രെിയിനിലൂടെ താഴെയിറങ്ങിയ സേനാംഗങ്ങള്‍ പതിനഞ്ച് മിനിറ്റിനകം തിരികെയെത്തി. ഖനി നിറയെ ദുര്‍ഗന്ധമാണ് എന്നാണ് ഇവര്‍ പറയുന്നത്. അത്ഭുതങ്ങള്‍ സംഭവിച്ചുകൂടാ എന്നില്ല. രക്ഷാ പ്രവര്‍ത്തകര്‍ എന്നനിലയില്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് കമാന്‍ഡര്‍ സന്തോഷ് സിങ് പറയുന്നു. 

തായ്‌ലാന്‍ഡ് ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷിച്ച അവസ്ഥയെക്കാള്‍ ഭീകരമായ അവസ്ഥയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത് എന്നാണ് സേന പറയുന്നത്. നാല്‍പതടിയിലേക്ക് വെള്ളം കുറഞ്ഞാല്‍ മാത്രമേ സുഗഗമായ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതയുള്ളു. ഇതുവരെ ഞങ്ങള്‍ക്ക് ഉള്ളില്‍ കടക്കാന്‍ സാധിച്ചിട്ടില്ല. എത്ര അറകളാണ് ഖനിയിലുള്ളതെന്നും ഖനിയുടെ ആഴവും വ്യാപ്തിയും എത്രയാണെന്നും ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സേന പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ