ദേശീയം

സിപിഎമ്മിന് സമദൂര നിലപാടില്ല; തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പു സമയത്ത് തീരുമാനിക്കും: മണിക് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ബിജെപിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും സമദൂരം പാലിക്കുമെന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് ത്രിപുര മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍. ബിജെപിയെ മുഖ്യശത്രുവായി കാണുന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ്അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയ പ്രമേയം. തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പു സമയത്താണ് പാര്‍ട്ടി സ്വീകരിക്കുകയെന്നും മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.

ബിജെപിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും സമദൂരം പാലിക്കും എന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് ടൈംസ് ഒഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ മണിക് സര്‍ക്കാര്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പു തന്ത്രത്തിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പു സമയത്താണ് തീരുമാനമെടുക്കുക. അതൊരു പ്രായോഗികമായ രീതിയാണ്. പല നിര്‍ണായക ഘട്ടങ്ങളിലും സിപിഎം കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഉദാഹരണങ്ങളാണ്. 

ഞങ്ങള്‍ അയവില്ലാത്ത രാഷ്ട്രീയ നിലപാടു സ്വീകരിക്കുന്ന പാര്‍ട്ടിയല്ല. പ്രായോഗികവും പ്രാവര്‍ത്തികവും വഴക്കവുമുള്ള നിലപാടാണ് സിപിഎമ്മിന്റേത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബദലിനായി എന്തു ചെയ്യാം എന്നതിനാണ് ഞങ്ങളുടെ പരിഗണന- മണിക് സര്‍ക്കാര്‍ പറഞ്ഞു.

ഇരുപത്തിരണ്ടാം കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനായി തയാറാക്കിയ കരടു രാഷ്ട്രീയ പ്രമേയം പറയുന്നത് ബിജെപിയാണ് മുഖ്യശത്രുവെന്നാണ്. അതൊരു ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസും അങ്ങനെ തന്നെയാണെങ്കിലും അവരിപ്പോള്‍ ഭരണത്തിലില്ല. ബദല്‍ സാമ്പത്തിക നയങ്ങള്‍ കൊണ്ടുവരുന്നത് ആരാണോ അവര്‍ക്കൊപ്പമായിരിക്കും പാര്‍ട്ടി. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടുന്നവരെയും സ്വാഗതം ചെയ്യും.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചില്ല എന്നതുകൊണ്ടുതന്നെ ത്രിപുരയില്‍ സിപിഎം സര്‍ക്കാര്‍ ഭരണവിരുദ്ധ വികാരം നേരിടുന്നില്ലെന്ന് മണിക് സര്‍ക്കാര്‍ അവകാശപ്പെട്ടു. വാഗ്ദാനങ്ങള്‍ വലിയൊരു അളവോളം നടപ്പാക്കാനായിട്ടുണ്ട്. എങ്കിലും സ്വന്തം പരിമിതിയെക്കുറിച്ച് സര്‍ക്കാരിനു ബോധ്യമുണ്ട്. അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുകയെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു