ദേശീയം

പ്രണയദിനത്തില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടം;സബര്‍മതിയിലും അജ്മീറിലും കമിതാക്കളെ അടിച്ചോടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വാലന്റയിന്‍സ് ഡേയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ഗുജറാത്ത് സബര്‍മതി നദിതീരത്ത് ഒരുമിച്ചിരുന്ന കമിതാക്കളെ വടി കൈയിലേന്തിയും മുദ്രാവാക്യം വിളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആട്ടിയോടിച്ചു.  'ജയ് ശ്രീറാം' വിളികളോടെയായിരുന്നു ഇവരുടെ പ്രതിഷേധ പ്രകടനം. ഇത്തരം ദിനങ്ങള്‍ ആഘോഷിക്കുന്നത് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ സബര്‍മതി നദിതീരത്ത് തടിച്ചുകൂടിയത്.

സബര്‍മതി നദിയുടെ തീരത്തുളള റോഡരികിലും വാക്ക് വേയിലും ഇരിക്കുകയും നില്‍ക്കുകയുമായിരുന്ന കമിതാക്കളെയാണ് പിന്തുടര്‍ന്ന് ആട്ടിയോടിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ചുരുക്കം ചില ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. 

വാലന്റയിന്‍സ് ഡേ ആഘോഷങ്ങള്‍ക്കെതിരെയുളള പ്രതിഷേധം തുടരുമെന്ന് ബജ് രംഗ്ദള്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് നികുഞ്ച് പരേഖ് അറിയിച്ചു. പ്രണയത്തിന് എതിരെയല്ല ഈ പ്രതിഷേധം. ഇത്തരം ആഘോഷങ്ങളിലെ ആഭാസത്തരം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

വാലന്റയിന്‍സ് ഡേയില്‍ പ്രവര്‍ത്തകര്‍ അക്രമവും പ്രതിഷേധവും സംഘടിപ്പിക്കില്ലെന്ന്  വിഎച്ച്പിയുടെ രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നു. പ്രണയിക്കുക എന്നത് അവരുടെ അവകാശമാണെന്നും പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഘപരിവാര്‍ സംഘടനയായ ബജ്്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

രാജസ്ഥാനിലെ അജ്മീറില്‍ പൊതുസ്ഥലത്ത് ഒരുമിച്ചിരുന്ന കമിതാക്കള്‍ക്കെതിരെയും ശിവസേന ഹിന്ദുസ്ഥാന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ സമാനമായ അഴിഞ്ഞാട്ടം നടത്തി. ഒരുമിച്ചിരുന്ന ദമ്പതികളെ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അജ്മീറിലെ വിവിധ പ്രദേശങ്ങള്‍ക്ക് പുറമേ ജയ്പൂര്‍ പോലുളള സ്ഥലങ്ങളിലും ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍