ദേശീയം

മോദി സര്‍ക്കാരിന് എന്‍ഡിഎ ഘടകകക്ഷിയുടെ അന്ത്യശാസനം; എസ്‌സി, എസ്ടി നിയമം ശക്തമാക്കണം,അല്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് എല്‍ജെപി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, ബിജെപിയും എന്‍ഡിഎ ഘടകകക്ഷിയായ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമായുളള ബന്ധം വഷളാകുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനുളള നിയമം ശക്തമാക്കാന്‍ ഉടന്‍ നിയമഭേദഗതി  കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാരിന് ലോക് ജനശക്തി പാര്‍ട്ടി അന്ത്യശാസനം നല്‍കി. അല്ലാത്തപക്ഷം ബിജെപി വിരുദ്ധ ദളിത് പ്രതിഷേധങ്ങളുമായി സഹകരിക്കുമെന്ന് രാം വിലാസ് പാസ്വാന്റെ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനുളള ചട്ടങ്ങള്‍ സുപ്രീംകോടതി ദുര്‍ബലപ്പെടുത്തിയതായി ലോക് ജനശക്തി പാര്‍ട്ടി തുടര്‍ച്ചയായി ആരോപിക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ നിയമഭേദഗതിയ്ക്ക് കേന്ദ്രം തയ്യാറാകണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് ഒന്‍പതിന് മുന്‍പ് നടപടി സ്വീകരിച്ചില്ലായെങ്കില്‍ ബിജെപി വിരുദ്ധ ദളിത് പ്രതിഷേധങ്ങളില്‍ സഹകരിക്കുമെന്നും എല്‍ജെപി ഭീഷണി മുഴക്കുന്നു. അടുത്ത മാസം കേന്ദ്രത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ദളിത് സംഘടനകള്‍ പരിപാടിയിടുന്നത്.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനുളള ചട്ടങ്ങള്‍  ദുര്‍ബലപ്പെടുത്തിയതിന് പിന്നില്‍ അന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ കെ ഗോയല്‍ ആണെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനും, മകന്‍ ചിരാഗ് പാസ്വാനും ആരോപിക്കുന്നു. അതിനാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ മേധാവി സ്ഥാനത്ത് നിയോഗിച്ച വിരമിച്ച ജഡ്ജി ജസ്റ്റിസ് എ കെ ഗോയലിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്നും ലോക് ജനശക്തി പാര്‍ട്ടി ആവശ്യപ്പെടുന്നു. 


ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് പ്രശ്‌നാധിഷ്ടിത പിന്തുണയാണ് നല്‍കുന്നതെന്ന്  ലോക് ജനശക്തി പാര്‍ട്ടി എംപി കൂടിയായ ചിരാഗ് പാസ്വാന്‍ പറയുന്നു. അതേസമയം ടിഡിപി ചെയ്തതുപോലെ മുന്നണി വിട്ടുപോകുമെന്ന അഭ്യൂഹങ്ങള്‍ ചിരാഗ് പാസ്വാന്‍ തളളി. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ടുതന്നെ ദളിതരുടെ അവകാശങ്ങള്‍ക്കായി പോരാടും. ഇതിനായി വേണമെങ്കില്‍ തെരുവിലിറങ്ങാനും മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍