ദേശീയം

'കര്‍ണാടക വിഭജിച്ച് ഉത്തര കര്‍ണാടക സംസ്ഥാനം രൂപീകരിക്കണം' ; ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി. ഇതിനായി കര്‍ണാടക വിഭജിച്ച് ഉത്തര കര്‍ണാടക സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായാണ് പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമി ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. 

ബജറ്റില്‍ കുമാരസ്വാമി ഉത്തര കര്‍ണാടകയെ പൂര്‍ണമായും തഴഞ്ഞു. ജെഡിഎസിന്റെ ശക്തികേന്ദ്രമായ മൈസൂരു ഉള്‍പ്പെടുന്ന തെക്കന്‍ കര്‍ണാടകയ്ക്കാണ് ആനുകൂല്യങ്ങള്‍ മുഴുവനും. നിരന്തരം അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ കര്‍ണാടക വിഭജിച്ച് ഉത്തര കര്‍ണാടകയെ പ്രത്യേക സംസ്ഥാനമാക്കണമെന്നും ബിജെപി നേതാക്കളായ ഉമേഷ് കട്ടി, ബി ശ്രീരാമുലു എന്നിവര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ സംസ്ഥാനം വിഭജിക്കണമെന്ന ആവശ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തി. അധികാരം നഷ്ടപ്പെട്ട ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തന്റെ ബജറ്റില്‍ ഉത്തര കര്‍ണാടകയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കിയത്. കാര്‍ഷിക കടം എഴുതി തള്ളല്‍ നടപടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഉത്തര കര്‍ണാടകയിലെ കര്‍ഷകരാണെന്നും കുമാരസ്വാമി പറഞ്ഞു. ഏതാനും ലോക്‌സഭാ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി ഇത്തരമൊരു ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വര പറഞ്ഞു. 

ഉത്തര കര്‍ണാടകയിലെ മുംബൈ- കര്‍ണാടക, ഹൈദരാബാദ്-കര്‍ണാടക എന്നീ രണ്ടു മേഖലകളിലെ മൊത്തം 96 സീറ്റുകളില്‍ 43 എണ്ണവും കോണ്‍ഗ്രസാണ് വിജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പോയ ഈ വോട്ടുകള്‍ തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് സംസ്ഥാന വിഭജനം എന്ന ആവശ്യം മുന്നോട്ടുവെയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിജെപിയുടെ ഈ ആവശ്യം നടപ്പാകില്ലെന്ന് ജെഡിഎസും കോണ്‍ഗ്രസും പ്രതികരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'