ദേശീയം

മജിസ്‌ട്രേറ്റ് കോടതി സുപ്രിം കോടതിക്കും മുകളിലാണോ? ചോദ്യവുമായി സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സുപ്രിം കോടതിക്കും മുകളിലാണോ? ചോദ്യം ഉന്നയിച്ചത് സുപ്രിം കോടതി തന്നെയാണ്. സുപ്രിം കോടതി ജാമ്യം അനുവദിച്ച പ്രതിയെ വിട്ടയയ്ക്കാന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസുമാരായ നാഗേശ്വര റാവുവിന്റെയും മോഹന്‍ എം ശാന്തന ഗൗഡരുടെയും ചോദ്യം.

കഴിഞ്ഞ മാസം പതിനേഴിനാണ് ഒരു കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ട് സുപ്രിം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് അനുസരിക്കാന്‍ മുംബൈ എസ്പ്ലനേഡിലെ മജിസ്‌ട്രേറ്റ് കോടതി വിസമ്മതിക്കുകയായിരുന്നു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവില്‍ ജാമ്യത്തുക പരാമര്‍ശിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കാന്‍ മജിസ്‌ട്രേറ്റ് വിസമ്മതിച്ചത്.

രൂക്ഷമായാണ് സുപ്രിം കോടതി ഇതിനോടു പ്രതികരിച്ചത്. പ്രതിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചതാണെന്ന് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് അനുസരിക്കാതിരിക്കാന്‍ അഡിഷനല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുപ്രിം കോടതിക്കു മുകളിലാണോയെന്ന് കോടതി ചോദിച്ചു. മജിസ്‌ട്രേറ്റ് കോടതി സുപ്രിം കോടതിയുടെ മേല്‍ക്കോടതിയാണോ? ജാമ്യം അനുവദിക്കേണ്ടത് എങ്ങനെയെന്ന് സുപ്രിം കോടതിക്ക് അറിയില്ലെന്നാണ് മജിസ്‌ട്രേറ്റ് പറയുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

സുപ്രിം കോടതി ജാമ്യം അനുവദിക്കുകയും ഉത്തരവില്‍ ജാമ്യത്തുക പരാമര്‍ശിക്കാതിരിക്കുകയും ചെയ്താല്‍ അതു മജിസ്‌ട്രേറ്റ് കോടതി നിശ്ചയിക്കുകയാണ് വേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യത്തുക നിശ്ചയിച്ച് പ്രതിക്ക് ജാമ്യം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ