ദേശീയം

കുട്ടിയും കോലും കളിക്കിടെ തര്‍ക്കം;  ബന്ധുവിനെ കുടുക്കാന്‍ പ്രധാനമന്ത്രിക്ക് വധഭീഷണി, യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: കുട്ടിയും കോലും കളിക്കിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് വൈരാഗ്യം മൂത്ത യുവാവ് ബന്ധുവിനെ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വധഭീഷണി സന്ദേശം അയച്ചു. ഉത്തര്‍പ്രദേശ് ബിജ്‌നോര്‍ സ്വദേശിയും സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച മുന്‍ വിദ്യാര്‍ത്ഥിയുമായ യുവാവാണ് ബന്ധുവായ നദീമിനെതിരെ പ്രതികാരം ചെയ്യാന്‍ ഈ വഴി തെരഞ്ഞെടുത്തത്. രണ്ടുവര്‍ഷം മുന്‍പ് ഉണ്ടായ തര്‍ക്കമാണ് വൈരാഗ്യം മൂത്ത് ബന്ധുവിനെ കുടുക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിടികൂടി.

മഹാരാഷ്ട്രയിലെ കര്‍ഷകന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്താണ് യുവാവ് ഭീഷണി സന്ദേശം അയച്ചത്. ഫെയ്‌സ്ബുക്ക് പേജില്‍ കര്‍ഷകന്റെ പേരും ചിത്രവും നദീമിന്റെയാക്കി മാറ്റിയാണ് പ്രധാനമന്ത്രിയ്ക്ക് വധഭീഷണി സന്ദേശം അയച്ചത്. 

ലോണി എംഎല്‍എ നന്ദ കിഷോര്‍ ഗുജാറിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേയ്ക്ക് വധഭീഷണി സന്ദേശം അയച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും സന്ദേശത്തില്‍ പരാമര്‍ശമുളളതായി എംഎല്‍എ പറഞ്ഞു. ഇതിന് പിന്നാലെ ചില സാമൂഹ്യവിരുദ്ധരും സമാന വധഭീഷണിയുമായി തന്റെ ഫെയ്‌സ്ബുക്കില്‍ സന്ദേശം അയച്ചതായി എംഎല്‍എ പറയുന്നു. 

സംഭവത്തെ തുടര്‍ന്ന് ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മഹാരാഷ്ട്രയിലെ സോലപൂരില്‍ നടത്തിയ അന്വേഷണത്തിലാണ് ചുരുള്‍ അഴിഞ്ഞത്. കര്‍ഷകന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്താണ് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം അയയ്ക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. പ്രതിയെ പിടികൂടിയതായി ഗാസിയാബാദ് പൊലീസ് പറഞ്ഞു.

കുട്ടിയും കോലും കളിയ്ക്കിടെ ബന്ധുവായ നദീം തന്നെ മര്‍ദിച്ചതായും തന്റെ ബൈക്ക് പിടിച്ചെടുത്തതായും പ്രതിയായ സല്‍മാന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികാരം ചെയ്യാന്‍ യുവാവ് ഈ വഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി