ദേശീയം

വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുന്നവര്‍ സൂക്ഷിക്കുക!; അഴിയെണ്ണേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലൂരു: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടക്കുന്നുവെന്ന്് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറു മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് വിവാദ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലും വിവിപാറ്റിലും ഒരു കാരണവശാലും കൃത്രിമം സംഭവിക്കില്ല. എന്നാല്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തി വിവാദം സൃഷ്ടിക്കുകയാണെന്ന് സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഇത്തരം പ്രചാരണങ്ങളെ വളരെ ഗൗരവത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചും തെറ്റായ വാര്‍ത്തകള്‍ നല്‍കിയും തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് എതിരെ ക്രിമിനല്‍ അപകീര്‍ത്തി കുറ്റം ചുമത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ്   നല്‍കി.

ബിജെപിക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലം ലഭിക്കുന്നതിന് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളാണ് കര്‍ണാടകയില്‍ കൊണ്ടുവരുന്നതെന്നാണ് ചില മാധ്യമറിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കൃത്രിമം വരുത്തിയ ഇലക്‌ട്രോണിക്് വോട്ടിങ് മെഷീനുകളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകള്‍ കൊണ്ടുവരുന്നത് പതിവാണെന്ന് ചൂണ്ടികാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആരോപണങ്ങള്‍ തളളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്