ദേശീയം

ത്രിപുരയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം ; ഗവര്‍ണര്‍ക്കും ഡിജിപിക്കും രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപിയും സഖ്യകക്ഷിയായ ഐപിഎഫ്ടിയും നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കും ഡിജിപിക്കും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ്, ഡിജിപി എ കെ ശുക്ല എന്നിവരെ ടെലിഫോണില്‍ വിളിച്ചാണ് നിര്‍ദേശം നല്‍കിയത്. ത്രിപുരയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇരുവരോടും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. 

ത്രിപുരയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് വിരാമം കുറിച്ച് ചരിത്ര വിജയം നേടിയ ബിജെപി, സിപിഎമ്മിന് നേരെ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകളും തകര്‍ത്തിട്ടുണ്ട്. 

ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ത്തത്. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തത്.  മറിച്ചിട്ട പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകര്‍ക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കളിച്ചതായും റിപ്പോർ‌ട്ടുണ്ട്. 

പ്രതിമ തകർക്കുന്നതും, 'ഭാരത് മാതാ കി ജയ്' എന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബിജെപിയുടെ 'കമ്യൂണിസം ഫോബിയ' ആണ് ഇത്തരം പ്രവൃത്തികളിലൂടെ വെളിവാകുന്നതെന്നും സിപിഎം നേതാവ് തപസ് ദത്ത കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം