ദേശീയം

വിമര്‍ശനമേറ്റു, കര്‍ണാടകയിലെ പ്രചാരണം വെട്ടിച്ചുരുക്കി യോഗി നാട്ടിലേക്ക് മടങ്ങി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആഞ്ഞടിച്ച പൊടിക്കാറ്റില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടും മുഖ്യമന്ത്രി കര്‍ണാടകയില്‍ തുടരുന്നത് വിവാദമായ പശ്ചാത്തലത്തില്‍ യോഗി ആദിത്യനാഥ് നാട്ടിലേക്ക് മടങ്ങി. പ്രക്യതിദുരന്തമുണ്ടായിട്ടും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാതെ യോഗി ആദിത്യനാഥ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി നില്‍ക്കുന്നത് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കി യോഗി നാട്ടിലേക്ക് മടങ്ങിയത്. കര്‍ണാടകയില്‍ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട യോഗി 35ല്‍പ്പരം റാലികളില്‍ പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്.

ജനം ദുരിതം അനുഭവിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യേണ്ട യോഗി ആദിത്യനാഥ് കര്‍ണാടകത്തില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ഇനിയുളള കാലം കര്‍ണാടകയില്‍ മഠം നിര്‍മ്മിച്ച് യോഗി അവിടെ തന്നെ തങ്ങിയാല്‍ മതിയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

ശക്തമായ പൊടിക്കാറ്റില്‍ സംസ്ഥാനത്ത് 78 പേര്‍ മരിച്ച സാഹചര്യത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് യോഗി ഉത്തര്‍പ്രദേശിലേക്ക് അടിയന്തരമായി മടങ്ങിവരണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ഇത്രയും വലിയ ദുരന്തം സംസ്ഥാനം നേരിടുന്ന പശ്ചാത്തലത്തില്‍ തിരിച്ചുവരാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെങ്കില്‍ കര്‍ണാടകയില്‍ തന്നെ മഠം സ്ഥാപിച്ച് ഇനിയുളള കാലം അവിടെ തന്നെ തുടരുന്നതാണ് നല്ലതെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഖിലേഷ് യാദവിന് പിന്നാലെ കോണ്‍ഗ്രസും യോഗിയെ വിമര്‍ശിച്ച് രംഗത്തുവന്നു. പ്രതികൂലമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ യോഗി സന്ദര്‍ശനം നടത്തുന്നതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. വിളനാശത്തില്‍ എല്ലാം നഷ്ടപ്പെട്ട് കര്‍ഷകര്‍ നിലവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആശങ്കപ്പെട്ടു. സംസ്ഥാന ഭരിക്കുന്ന ബിജെപിയും ഈ ദുരന്തത്തെ വേണ്ട പ്രാധാന്യത്തോടെ കാണുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'