ദേശീയം

ബംഗാള്‍ തെരഞ്ഞെടുപ്പിനിടെ 12 പേര്‍ കൊല്ലപ്പെട്ടു; കേന്ദ്രസര്‍ക്കാര്‍റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക ആക്രമണം നടന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളെ കുറിച്ച് മമത സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ഇതിനിടെ വ്യാപകമായി നടന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവച്ചുകൊന്നത് ഉള്‍പ്പെടെയുളള കണക്കാണിത്. അക്രമസംഭവങ്ങളുടെ പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് സിപിഎം,ആര്‍എസ്പി ഉള്‍പ്പെടെയുളള ഇടതുപാര്‍ട്ടികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ പ്രതിഷേധിച്ചു.

വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ തന്നെ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വാഹനങ്ങള്‍ വരെ അഗ്നിക്കിരയാക്കി.  സിപിഎം പ്രവര്‍ത്തകനേയും ഭാര്യയേയും തീവച്ചു കൊന്നതാണ് സംസ്ഥാനത്ത് നിന്നും ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രധാന വാര്‍ത്ത. നോര്‍ത്ത് 24 പര്‍ഗാനയില്‍ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെയും ബിജെപി പ്രവര്‍ത്തകരെയും ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ തെഹട്ടയില്‍ ഒരു വോട്ടറും കൊല്ലപ്പെട്ടു. 

നന്ദിഗ്രാമില്‍ അപു മനാ, ജോഗേശ്വര്‍ ഘോഷ് എന്നി സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. നേരത്തെ മുര്‍ഷിദാബാദില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൈന്‍ ഷെയ്ക്കിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊന്നത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.ബിര്‍പാരയില്‍ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ എത്തിയ വോട്ടര്‍മാരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.മൂന്നിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരകേശ്വറില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു. പലയിടത്തും ബൂത്ത് പിടിച്ചെടുക്കലുകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അക്രമസംഭവങ്ങളുടെപശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയ ആവശ്യപ്പെട്ടു. ബംഗാളില്‍ മമതയുടെ നേതൃത്വത്തിലുളള തൃണമൂല്‍ സര്‍ക്കാര്‍ വെറുപ്പുളളവാക്കുന്ന പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഭരണഘടന അനുസൃതമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്ന് കരുതാന്‍ കഴിയില്ലെന്നും ബാബുല്‍ സുപ്രിയ പറഞ്ഞു.

ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. മമത ബാനര്‍ജി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ബംഗാളിലെ ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടി സ്വകരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സിപിഎം പരാതി നല്‍കി. സിപിഎം പ്രവര്‍ത്തകന്‍ ദേബ് ദാസിനെയും ഭാര്യയേയും കത്തിച്ച് കൊലപ്പെടുത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പരാതിയില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേബിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും വിശ്വാസം വരാന്‍ എത്രപേരുടെ ജീവന്‍ വേണ്ടിവരുമെന്ന് സൗത്ത് 24 പര്‍ഗാന ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?