ദേശീയം

ഛത്തീസ് ​ഗഡ് ഇന്ന് പോളിം​ഗ് ബൂത്തിലേക്ക് ; വോട്ടെടുപ്പ് മാവോയിസ്റ്റ് മേഖലകളിൽ, കനത്ത സുരക്ഷ, മുഖ്യമന്ത്രി രമണ്‍ സിംഗിന് നിര്‍ണായകം

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തിസ്ഗഢിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ബസ്തര്‍ , രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.

190 സ്ഥാനാർഥികളുടെ വിധിയെഴുതാൻ 31.80 ലക്ഷം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തുക. അതിൽ 16 ലക്ഷവും സ്ത്രീകളാണ്. സ്ത്രീകൾക്കുവേണ്ടി വിവിധ മണ്ഡലങ്ങളിലായി സംഗ്വാരി പോളിങ് ബൂത്തുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇവിടെ സുരക്ഷാസൈനികരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമടക്കം എല്ലാവരും സ്ത്രീകളാണ്. ഛത്തിസ്ഗഢില്‍ ആകെയുള്ള 90 സീറ്റില്‍ മാവോയിസ്റ്റ് ഭീഷണി ഏറെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇടങ്ങളാണ് പോളിംഗ് ബൂത്തിലെത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും രൂക്ഷമായ ബസ്തറില്‍ 12 ഉം രാജ്‌നന്ദഗാവ് ജില്ലയിലെ ആറും സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.  

മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് പോളിം​ഗ് മേഖലകളിൽ യുദ്ധസമാനമായ സുരക്ഷ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. 1.48 ലക്ഷം സുരക്ഷാസൈനികർ. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ 10 ഹെലികോപ്ടറുകൾ. 5500 വലുതും ചെറുതുമായ വാഹനങ്ങൾ എന്നിവയാണ് എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. ഇന്നലെ  ബസ്തറിന്റെ വിവിധയിടങ്ങളിലുണ്ടായ മാവോവാദിയാക്രമണങ്ങൾ ആശങ്കയുളവാക്കുന്നുണ്ടെങ്കിലും ഇതു മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ്‌ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.

മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്‌നന്ദ്ഗാവാണ് ഇന്ന് പോളിഗ് ബൂത്തിലെത്തുന്ന മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധേയമായത്. നാലാംവട്ടം ജനഹിതം തേടുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബിജെപിയും മുന്‍ ദേശീയ ഉപാദ്ധ്യക്ഷയും എ ബി വാജ്‌പേയിയുടെ അനന്തരവളുമായ കരുണ ശുക്‌ളയാണ്. മന്ത്രിമാരില്‍ മഹേഷ് ഗഡ്ഗ ബീജാപൂരില്‍ നിന്ന് മല്‍സരിക്കുന്നു. നാരായണ്‍പൂരില്‍ നിന്ന് മല്‍സരിക്കുന്ന കേദാര്‍ കശ്യപാണ് ബസ്തര്‍ മേഖലയിലെ രണ്ടാമത്തെ മന്ത്രി. 

സംസ്ഥാനത്ത് സിപിഐ മല്‍സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണ്. കഴിഞ്ഞ തവണ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നോട്ട രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ ചിലതും ബസ്തര്‍ മേഖലയിലാണ്. ദണ്ഡേവാഡ സീറ്റില്‍ ഒമ്പതായിരവും ചിത്രകൂട് സീറ്റില്‍ പതിനായിരവും ആയിരുന്നു കഴിഞ്ഞതവണ നോട്ടയുടെ എണ്ണം. ബസ്തറിലെ 12 സീറ്റില്‍ എട്ടും രാജ്‌നനന്ദഗാവിലെ ആറ് സീറ്റില്‍ നാലും കഴിഞ്ഞ തവണ കോണ്‍ഗ്രസിനായിരുന്നു.

അതേസമയം വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ് ഉള്ളത്. ബസ്തര്‍, രാജ്‌നന്ദ്ഗാവ് മേഖലകളില്‍ കോണ്‍ഗ്രസിനാണ് പരമ്പരാഗതമായി മുന്‍തൂക്കമുള്ളത്. ഭരണ വിരുദ്ധ വികാരം ഇത്തവണ തുണയാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍