ദേശീയം

സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി  : അലോക് വർമയുടെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ ; കേന്ദ്ര വിജിലൻസ് കമ്മീഷൻ ഇന്ന് റിപ്പോർട്ട് നൽകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ചോദ്യം ചെയ്ത് മുൻ ഡയറക്ടർ അലോക് വർമ നൽകിയ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. സിബിഐ ഡയറക്ടറെ മാറ്റിയതിനെതിരെ പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയും ഇതോടൊപ്പം പരി​ഗണിക്കും. 

നാല്‍പ്പത്തിയേഴാമത്തെ കേസായിട്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് ഉൾപ്പെട്ട ബഞ്ച് അലോക് വർമ്മയുടെയും പ്രശാന്ത് ഭൂഷന്‍റെയും ഹർജികൾ പരിഗണിക്കുക. മാംസവ്യാപാരി മൊയിന്‍ ഖുറേഷിക്കെതിരായ കേസ് ഒതുക്കി തീർക്കാൻ ഇടനിലക്കാരനായ സതീഷ് സനയില്‍ നിന്നും അലോക് വര്‍മ്മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് സർക്കാർ നടപടി. അലോക് വർമക്കെതിരെ സിബിഐ സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയാണ് വിജിലൻസ് കമ്മീഷന് പരാതി നൽകിയത്.ഹർജി പരിഗണിക്കുന്നതിന് മുമ്പ് അലോക് വർമക്കെതിരെയുള്ള പരാതിയിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീംകോടതി കേന്ദ്ര വിജിലൻസ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. 

അലോക് വര്‍മ്മക്കെതിരായ പരാതികളില്‍ കഴമ്പില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്നും വിജിലന്‍സ് കമ്മീഷന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.സുപ്രിം കോടതി മുന്‍ ജസ്റ്റിസ് എ.കെ.പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ കെ.വി.ചൗധരി,കമ്മീഷണര്‍മാരായ ശരത് കുമാര്‍, റ്റി.എം.ബാസില്‍ തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് അലോക് വര്‍മ്മക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയത്. 

ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് കേന്ദ്ര വിജിലൻസ് കമ്മീഷൻ ഇന്ന് സുപ്രിം കോടതിയിൽ നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസിൽ സുപ്രിം കോടതി ഇന്ന് വാദം കേൾക്കുക. പരാതിയിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാൽ അലോക് വർമയെ സിബിഐ തലപ്പത്ത് സുപ്രിം കോടതി വീണ്ടും നിയമിച്ചേക്കും. ഡയറക്ടറെ മടക്കി കൊണ്ടുവരാൻ കോടതി ഉത്തരവിട്ടാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് വ്യക്തിപരമായ തിരിച്ചടിയാകും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് നാളെ തുടക്കമാകവെ, കോടതിയുടെ ഏത് പ്രതികൂല പരാമർശവും പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോ​ഗിക്കും എന്നതും ബിജെപിക്ക് തലവേദനയാണ്. ഒക്ടോബർ 23 നാണ് ആരോപണ വിധേയരായ അലോക് വർമ്മയെയും രാകേഷ് അസ്താനയെയും സിബിഐയിൽ നിന്നും കേന്ദ്രസർക്കാർ മാറ്റിയത്. ഇരുവരോടും നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍