ദേശീയം

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; തദ്ദേശ-നഗര തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളുരു:  കര്‍ണാടകയിലെ നഗര-തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 102 നഗര- തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ 2267 സീറ്റുകളില്‍ 846 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബിജെപി 788 സീറ്റുകളുമായി തൊട്ട് പിന്നാലെയുണ്ട്. ജനതാദള്‍ എസ് 307 സീറ്റുകളാണ് നേടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ ഘടക കക്ഷിയാണ് മൂന്നാം സ്ഥാനത്തുള്ള ജനതാദള്‍ (എസ്). ഫലമറിവായ മറ്റ് സീറ്റുകളില്‍ സ്വതന്ത്രന്‍മാരും ചെറിയ പാര്‍ട്ടികളുമാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. 

കോണ്‍ഗ്രസ് ടൗണ്‍ പഞ്ചായത്തുകളിലും ബിജെപി കോര്‍പറേഷനുകളിലും ആധിപത്യം പുലര്‍ത്തിയതായാണ് നിലവിലെ സീറ്റ് നില കാണിക്കുന്നത്.  

കുമാരസ്വാമിയുടെ സഖ്യസര്‍ക്കാര്‍ അധികാരമേറിയ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. മെയ് മാസമാണ് കോണ്‍ഗ്രസ് പിന്തുണയോടെ കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പായുള്ള ശക്തിപ്രകടനം കൂടിയാണ് കുമാരസ്വാമിക്കും കോണ്‍ഗ്രസിനും  ഈ തിരഞ്ഞെടുപ്പ്. 

പ്രളയം കാരണം കുടകിലെ കുശാല്‍ നഗര്‍, വിരാജ്‌പേട്ട, സോമവാര്‍പേട്ട എന്നിവലിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നുവെങ്കിലും മറ്റ് സ്ഥലങ്ങളില്‍ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 

തിരഞ്ഞെടുപ്പ് സമയത്ത് തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസും ജനതാദളും തീരുമാനിച്ചത്. തൂക്കുസഭ വരുന്ന നഗരസഭകളില്‍ ഒന്നിച്ച് നില്‍ക്കാനും ധാരണയായിട്ടുണ്ട്. അന്തിമ ഫലം പുറത്ത് വന്നതിന് ശേഷം മറ്റ് നടപടികള്‍ ആലോചിക്കുമെന്നാണ് ഇരുപാര്‍ട്ടി നേതാക്കളും വ്യക്തമാക്കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍