ദേശീയം

പ്രകടനപത്രിക കാണാന്‍ വന്‍ തിരക്ക്: കോണ്‍ഗ്രസ് വെബ്‌സൈറ്റ് തകരാറിലായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രകടന പത്രിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് വെബ്‌സൈറ്റ് തകരാറിലായി. മാനിഫെസ്റ്റോ കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതുകൊണ്ടാണ് സൈറ്റ് തകരാറിലായതെന്നും എത്രയും വേഗം പൂര്‍വസ്ഥിതിയിലാക്കുമെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. 

കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. 2020 മാര്‍ച്ചിനു മുമ്പ് സര്‍ക്കാര്‍ സര്‍വീസിലെ 22 ലക്ഷം ഒഴിവുകളില്‍ നിയമനം നടത്തുമെന്നും പ്രകടന പത്രിക പറയുന്നു. തൊഴിലില്ലായ്മയും കര്‍ഷക ദുരിതവും സ്ത്രീ സുരക്ഷയില്ലായ്മയുമാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അഞ്ചു പ്രധാന കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളതെന്നും ദരിദ്ര കുടുംബങ്ങള്‍ക്കു മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് തന്നെയാണ് അതില്‍ പ്രധാനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യായ് പ്രകാരം ദരിദ്രകുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 72,000 രൂപ അക്കൗണ്ടില്‍ എത്തുമെന്ന് ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശദീകരിച്ചു.

തൊഴിലില്ലായ്മയും കര്‍ഷകരുടെ ദുരിതവും മുഖ്യധാരാ ചര്‍ച്ചയിലേക്കു തിരിച്ചുകൊണ്ടുവരുമെന്ന് രാഹുല്‍ പറഞ്ഞു. 22 ലക്ഷം ഒഴിവുകളാണ് നിയമനം നടത്താതെ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളത്. 2020 മാര്‍ച്ചിനു മുമ്പ് ഈ ഒഴിവുകളില്‍ നിയമനം നടത്തും.

കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും. കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി ഒഴിവാക്കും. സിവില്‍ കുറ്റമായി മാത്രമേ ഇതിനെ കണക്കാക്കൂവെന്ന് രാഹുല്‍ പറഞ്ഞു.

തൊഴിലുറപ്പു പദ്ധതിയില്‍ വര്‍ഷം 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനാക്കി നീക്കിവയക്കും. സര്‍ക്കാര്‍ ആശുപത്രി സംവിധാനം ശക്തിപ്പെടുത്തി ദരിദ്രര്‍ക്കു മെച്ചപ്പെട്ട ആരോഗ്യരക്ഷ ഉറപ്പുവരുത്തും.

കോണ്‍ഗ്രസ് പ്രകടനപത്രിക ജനങ്ങളുടെ ശബ്ദമാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്ത് വെറുപ്പും ഭിന്നതയും വ്യാപകമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതിനായിരിക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രധാനമായും ശ്രമിക്കുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

തെക്കേ ഇന്ത്യയോട് ശത്രുതാപരമെന്ന പോലെയാണ് നരേന്ദ്രമോദി പെരുമാറിയത്. 'ഞാന്‍ നിങ്ങളോടൊപ്പമാണ് എന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നത്'  രാഹുല്‍ പറഞ്ഞു.

സമ്പത്തും ക്ഷേമവും എന്നതാണ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആശയമെന്ന് മുതിര്‍ന്ന നേതാവ് പി ചിദംബരം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി, എകെ ആന്റണി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സന്നിഹിതരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു