ദേശീയം

പി. ചിദംബരം അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഐഎന്‍എക്‌സ് മാക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം അറസ്റ്റില്‍. ജോര്‍ബാഗിലെ വീട്ടില്‍ നിന്നാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്ന് പത്രസമ്മേളനം നടത്തിയതിന് ശേഷം വീട്ടിലക്ക് എത്തിയ ചിദംബരത്തെ നാടകീയ നീക്കങ്ങളിലൂടെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി ചിദംബരത്തെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് പി ചിദംബരത്തിനെതിരേ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതിന് പിന്നാലെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സിബിഐ ആരംഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഒളിവിലാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് എഐസിസി ആസ്ഥാനത്തെത്തി അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ചിദംബരത്തിനെ അറസ്റ്റു ചെയ്യാന്‍ ജോര്‍ബാഗിലെ വസതിയിലെത്തിയ സിബിഐ സംഘം മതില്‍ ചാടിക്കടന്നാണ് അകത്തു കടന്നത്. 

പാര്‍ട്ടി ആസ്ഥാനത്തെത്തിയ ചിദംബരം നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തശേഷമാണ് ജോര്‍ബാഗിലെ വസതിയിലേക്ക് പോയത്. സിബിഐ സംഘം എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം എഐസിസി ആസ്ഥാനത്തുനിന്ന് പെട്ടെന്ന് മടങ്ങിയത്. ചിദംബരവും അഭിഭാഷകരും അടങ്ങുന്ന സംഘം വസതിയിലേക്ക് കടന്നതിനു പിന്നാലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഗേറ്റ് അടച്ചു. സിബിഐ ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറക്കാതിരുന്നതിനാല്‍ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. 

അറസ്റ്റ് ഒഴിവാക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ശ്രമം ഫലം കണ്ടില്ല. ചിദംബരത്തിനു മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസം മുഴുവന്‍ ശ്രമം നടത്തിയെങ്കിലും നിയമവഴികള്‍ ചിദംബരത്തിനു മുന്നില്‍ തുറന്നില്ല. രാവിലെയും ഉച്ചയ്ക്കും ജസ്റ്റിസ് എന്‍വി രമണയ്ക്കു മുന്നില്‍ സിബല്‍ ഹര്‍ജി മെന്‍ഷന്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. അടിയന്തരമായി പരിഗണിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് രമണയുടെ നിലപാട്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഭരണഘടനാ ബെഞ്ച് അയോധ്യാ കേസിന്റെ വാദം കേള്‍ക്കലില്‍ ആയിരുന്നതിനാല്‍ സിബലിന് മെന്‍ഷനിങ് നടത്താനായില്ല.

ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നാണ് കേസ്. ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റിനുള്ള ശ്രമങ്ങള്‍ സിബിഐ ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്