ദേശീയം

കണ്ണീര്‍ വാതകം പ്രയോഗിച്ച് വിരട്ടിയോടിച്ചു, ഐസിയുവില്‍ അതിക്രമിച്ചു കയറി, അറ്റന്‍ഡര്‍മാരെ മര്‍ദിച്ചു; സ്വകാര്യ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മംഗലൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിനിടെ, സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ച് കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റെയും പ്രതിഷേധക്കാരുടെ പിന്നാലെ പൊലീസുകാര്‍ ഓടുന്നതിന്റെയും നടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധം മംഗലൂരൂവില്‍ വെടിവയ്പില്‍ കലാശിച്ചിരുന്നു. ഇതില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇക്കാര്യം അറിഞ്ഞ് ആശുപത്രിയില്‍ ഓടിക്കൂടിയ പ്രതിഷേധക്കാരെ തേടിയാണ് പൊലീസ് ആശുപത്രിയില്‍ എത്തിയത്.

മംഗലൂരുവിലെ ഹൈലാന്‍ഡ് ആശുപത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശുപത്രിയുടെ ലോബിയില്‍ പൊലീസ് പ്രയോഗിച്ച കണ്ണീര്‍വാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിരവധിയാളുകള്‍ ഛിന്നിച്ചിതറി ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ പിന്നാലെ പൊലീസ് ഓടുന്നുണ്ട്. കണ്ണീര്‍വാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖം മറച്ചാണ് ആളുകള്‍ ഓടുന്നത്.പ്രതിഷേധക്കാരെ സംരക്ഷിക്കുന്നു എന്ന സംശയത്തില്‍ ആശുപത്രിയിലെ ജീവനക്കാരെ അടക്കം പൊലീസ് പിന്തുടര്‍ന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. രക്ഷപ്പെടാന്‍ ഐസിയുവിലേക്ക് കയറിയ ആളുകളെ പിടികൂടാന്‍ ഐസിയു ചവിട്ടിത്തുറന്ന് പൊലീസ് മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പ്രതിഷേധക്കാരെ അന്വേഷിച്ച് ഒരു വാര്‍ഡിലെ വിവിധ മുറികളുടെ വാതിലുകളില്‍ ചവിട്ടുകയും ലാത്തി ഉപയോഗിച്ച് തട്ടുന്നതുമാണ് മറ്റൊരു ദൃശ്യത്തിലുളളത്. ആശുപത്രിയിലെ അറ്റന്‍ഡര്‍മാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

ആശുപത്രിയുടെ മുന്‍പില്‍ തടിച്ചൂകൂടിയ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാനാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് മംഗലൂരു പൊലീസ് കമ്മീഷണര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം