ദേശീയം

ഗവര്‍ണര്‍ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി; കെജരിവാളും തേജസ്വി യാദവും കൊല്‍ക്കത്തയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലീസ് തടഞ്ഞതിന് പിന്നാലെ ഉടലെടുത്ത സംഭവവികാസങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു. ബംഗാള്‍ ഗവര്‍ണര്‍കേസരിനാഥ് ത്രിപാഠി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടി. അറസ്റ്റ് ചെയ്ത് വിട്ടയച്ച സിബിഐ ഉദ്യോഗസ്ഥര്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും.

ബംഗാള്‍ സര്‍ക്കാരിന്റെ നടപടിക്ക് എതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും. ഉദ്യോഗസ്ഥരുടെ അറസ്റ്റ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാണ് സിബിഐയുടെ നീക്കം. അതേസമയം, ബംഗാള്‍ സര്‍ക്കാരും സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകും. 

കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് എതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മമതയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവളും കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടു. സമരവേദിയില്‍ മന്ത്രിസഭാ യോഗം ചേരാനാണ് മമതയുടെ തീരുമാനം. 

ശാരദ ചിട്ടി തട്ടിപ്പ്, റോസ് വാലി തട്ടിപ്പു കേസുകളില്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി സിബിഐ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടത്തം. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും ഫയലുകളും കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സിബിഐ പലതവണ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയത്. കമ്മീഷണറുടെ വസതി പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് തടഞ്ഞു. 

ബംഗാള്‍ പൊലീസ് വളഞ്ഞ കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുത്തു. സിബിഐയുടെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാരാണ് സേനയെ വിന്യസിച്ചത്. ബംഗാള്‍ പൊലീസില്‍ നിന്ന് സുരക്ഷ വേണമെന്ന് സിബിഐ പേഴ്‌സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ചുമതല കേന്ദ്രസേനകള്‍ക്കാണെന്ന ചട്ടത്തിന്റെ ബലത്തിലാണ് രാത്രിയോടെ കേന്ദ്രസേനയെ സിബിഐ ഓഫീസില്‍ വിന്യസിച്ചിരിക്കുന്നത്. കേന്ദ്രസേന എത്തിയതിന് പിന്നാലെ സിബിഐ ഓഫീസ് വളഞ്ഞ പൊലീസ് സേന പിന്‍വലിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി