ദേശീയം

മമതാ സര്‍ക്കാരിനെതിരേ സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും; സിആര്‍പിഎഫ് സംരക്ഷണയില്‍ സിബിഐ ഓഫീസ്; സത്യാഗ്രഹം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത; സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ ഉടലെടുത്ത വിവാദം കനക്കുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരേ സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ബംഗാള്‍ പൊലീസ് വളഞ്ഞ കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുത്തു. സിബിഐയുടെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാരാണ് സേനയെ വിന്യസിച്ചത്. ബംഗാള്‍ പൊലീസില്‍ നിന്ന് സുരക്ഷ വേണമെന്ന് സിബിഐ പേഴ്‌സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ചുമതല കേന്ദ്രസേനകള്‍ക്കാണെന്ന ചട്ടത്തിന്റെ ബലത്തിലാണ് രാത്രിയോടെ കേന്ദ്രസേനയെ സിബിഐ ഓഫീസില്‍ വിന്യസിച്ചിരിക്കുന്നത്. കേന്ദ്രസേന എത്തിയതിന് പിന്നാലെ സിബിഐ ഓഫീസ് വളഞ്ഞ പൊലീസ് സേന പിന്‍വലിഞ്ഞു. 

അതേസമയം സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി അര്‍ധരാത്രി ആരംഭിച്ച സത്യാഗ്രഹ സമരം തുടരുകയാണ്. അടിയന്തരാവസ്ഥയേക്കാള്‍ മോശപ്പെട്ട അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്നും കേന്ദ്രം അട്ടിമറിക്കാണ് ശ്രമിക്കുന്നതെന്നും മമത നേരത്തെ ആരോപിച്ചിരുന്നു. സിബിഐയെ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും മമത വിമര്‍ശിച്ചിരുന്നു. 

സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിബിഐ ഇടക്കാല ഡയറക്റ്റര്‍ നാഗേശ്വര റാവു രംഗത്തെത്തി. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. സിബിആ കോംപ്ലക്‌സ് ആക്രമിക്കപ്പെടാനോ തെളിവുകളും രേഖകളും നശിപ്പിക്കാനുമുള്ള സാധ്യതകള്‍ ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശാരദ ചിട്ടി തട്ടിപ്പ്, റോസ് വാലി തട്ടിപ്പു കേസുകളില്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി സിബിഐ എത്തിയതിനെ വിമര്‍ശിച്ചാണ് മമത രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും ഫയലുകളും കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സിബിഐ പലതവണ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയത്. കമ്മീഷണറുടെ വസതി പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് തടഞ്ഞതോടെയാണ് ബംഗാളില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു