ദേശീയം

'രാഹുലിന്റെ ശ്രമം ചത്ത കുതിരയെ ഓടിക്കാന്‍' ; റഫാലില്‍ മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ പ്രതിപക്ഷ ആരോപണം തള്ളി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എല്ലാ വിവരങ്ങളും പത്രവാര്‍ത്തയില്‍ നല്‍കിയിട്ടില്ല. പ്രതിപക്ഷം ചത്തകുതിരയെ ചാട്ടവാറിന് അടിച്ച് ഓടിക്കാനാണ് ശ്രമിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങളോട് ലോക്‌സഭയില്‍ പ്രതികരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. എല്ലാം ശരിയായ ദിശയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടഎല്ലാ വസ്തുതകളും ഇതിനകം വെളിപ്പെടുത്തിയതാണ്. പ്രതിപക്ഷം രാജ്യസുരക്ഷയെ മാനിക്കുന്നില്ല. അവര്‍ ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യത്തിന് വിധേയമായാണ് ഈ വിഷയം സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. 

അതേസമയം വിഷയത്തില്‍ പ്രതിപക്ഷം രൂക്ഷവിമര്‍ശനമാണ് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി വിശദീകരണങ്ങളാണ് തങ്ങള്‍ കേട്ടത്. ഇനിയും വിശദീകരണം കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. റഫാല്‍ ഇടപാടില്‍ പ്രതിരോധമന്ത്രാലയ സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതിയത് സംബന്ധിച്ച കാര്യങ്ങള്‍ വെളിച്ചത്ത് വന്നു. ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വഷിക്കണം. ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. 
 

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയം നിയോഗിച്ച സംഘം ചര്‍ച്ചകള്‍ നടത്തുന്നതിനിടെ, പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്. പ്രതിരോധമന്ത്രാലയം സെക്രട്ടറി മോഹന്‍കുമാര്‍ ഇതിനെ എതിര്‍ത്ത് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. മോഹന്‍കുമാര്‍ ഫയലില്‍ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് സഹിതം ദ ഹിന്ദു ദിനപ്പത്രമാണ്, കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. 

2015 ഒക്ടോബര്‍ 23 ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ്  സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസര്‍ ലൂയിസ് വാസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമര്‍ശമാണ് സമാന്തര ചര്‍ച്ചകളിലേക്ക് വിരല്‍ ചൂണ്ടിയത്. 

ജനറല്‍ റബ്ബിന്റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം ചര്‍ച്ചകള്‍ റഫാല്‍ കരാര്‍ സംബന്ധിച്ച് ഇന്ത്യന്‍ സംഘത്തിന്റെ വിലപേശല്‍ ശേഷിയെയും ചര്‍ച്ചകളെയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും, ഇത് ഒഴിവാക്കണമെന്നും പ്രതിരോധമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്