ദേശീയം

'ഞങ്ങള്‍ക്കേറ്റവും  പ്രിയപ്പെട്ടതിനെ ജനങ്ങളുടെ കൈകളിലേക്ക് തരുന്നു, കാത്തു സൂക്ഷിക്കൂ'; പ്രിയങ്ക ഗാന്ധിയെ വാനോളം പുകഴ്ത്തി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കിറങ്ങിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വാനോളം പുകഴ്ത്തിയും ആശംസകള്‍ നേര്‍ന്നും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉത്തമ കുടുംബിനിയും സ്‌നേഹമയിയായ ഭാര്യയുമാണ് പ്രിയങ്കയെന്നും അവരെ ഇന്ത്യയിലെ ജനങ്ങളുടെ കയ്യിലേക്ക് തരികയാണെന്നുമായിരുന്നു വദ്ര കുറിച്ചത്. 

വദ്രയുടെ കുറിപ്പിങ്ങനെ...

പ്രിയപ്പെട്ട പി, ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള പുതിയ യാത്രയ്ക്കും രാജ്യത്തെ സേവിക്കാനുള്ള നിന്റെ തീരുമാനത്തിനും എല്ലാ ആശംസകളും നേരുന്നു. എന്റെ ആത്മാര്‍ത്ഥ സുഹൃത്തായും ഉത്തമ ഭാര്യയായും നമ്മുടെ മക്കള്‍ക്ക് ഏറ്റവും മികച്ച അമ്മയായും കഴിഞ്ഞ നിനക്ക് രാജ്യത്തെ ജനങ്ങളെയും സേവിക്കാന്‍ കഴിയുമെന്ന് എനിക്ക് തീര്‍ച്ചയാണ്. പ്രതികാരേച്ഛയുള്ളതും വിഷമകരവുമായ രാഷ്ട്രീയ കാലാവസ്ഥയാണ് ചുറ്റുമുള്ളത്.  ജനസേവനമെന്ന ദൗത്യത്തില്‍ നിന്ന് നിന്നെ പിന്തിരിപ്പിക്കാന്‍ ഇതിനൊന്നും സാധിക്കില്ലെന്ന് എനിക്കറിയാം. 

ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടതിനെ രാജ്യത്തെ ജനങ്ങളിലേക്ക് നല്‍കുകയാണ്. സുരക്ഷിതമായി നോക്കണം. നിന്റെ ജീവിതത്തിലെ എല്ലാഘട്ടങ്ങളിലും നിനക്കൊപ്പമുണ്ടാവും. ചെയ്യുന്നതെല്ലാം ഏറ്റവും മനോഹരമായി ചെയ്യൂ, അഭിനന്ദനങ്ങള്‍' എന്നാണ് വദ്രയുടെ വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനും ജോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പം ഇന്ന് മുതലാണ് അവര്‍ ഉത്തര്‍പ്രദേശിലെ പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വിചാരണ നേരിടുന്ന വദ്രയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി  ഹാജരാക്കിയത് പ്രിയങ്കയായിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം എന്റെ ഭര്‍ത്താവാണ്, കുടുംബവും എന്ന മറുപടിയാണ് പ്രിയങ്ക നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍