ദേശീയം

1980ന് ശേഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം: നാല്‍പ്പത് സൈനികര്‍ക്ക് വീരമൃത്യു; മരണ സംഖ്യ ഉയരാന്‍ സാധ്യത, എന്‍ഐഎ അന്വേഷണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ വ്യാഴാഴ്ച നടന്നത് 1980ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഇതുവരെ നാല്‍പ്പത് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 

350 കിലോഗ്രാം സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ഭീകരര്‍ സൈനിക വ്യൂഹത്തിന് നേരെ ഇടുച്ചു കയറ്റുകയായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേര്‍ ആക്രമണം നടത്തിയത്. ഭീകര സംഘടനയാായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ചാവേറിന്റെ ചിത്രം ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടുണ്ട്.ഐഇഡി( ഇംപ്രവൈസ്ഡ് എക്‌സപ്ലോസീവ് ഡിവൈസ്) ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് എന്നാണ് പ്രാഥമിത നിഗനമനം. ഭീകാരാക്രണത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. 

ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് എഴുപത്തിയെട്ട് ബസ്സുകളിയായി മടങ്ങുകയായിരുന്നു ജവാന്‍മാര്‍. 1980ന് ശേഷം സൈന്യത്തിന്റെ ഭാഗത്ത് ഇത്രയും ആള്‍നാശം സംഭവിക്കുന്ന ആദ്യ ഭീകരാക്രമണമാണ് ഇത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കശ്മീറിനെ വിറപ്പിച്ച പതിനെട്ടാമത് ആക്രമണം കൂടിയാണിത്. 

ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ട ചാവേറിന്റെ ചിത്രം

സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടന്നത് നികൃഷ്ടമായ അക്രമമായിരുന്നു. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു. ധീരജവാന്‍മാരുടെ ത്യാഗം വ്യര്‍ത്ഥമാകില്ല. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് രാജ്യം മുഴുവനുണ്ട്. പരിക്കേറ്റവര്‍ ഏറ്റവും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ-അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. രാജ്‌നാഥ് സിങ് നാളെ ശ്രീനഗറിലെത്തും. പട്‌നയില്‍ അദ്ദേഹം പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീരുത്വം നിറഞ്ഞ നടപടിയാണ് ഇതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം രാജ്യമുണ്ട്. ഭീകരര്‍ക്ക് മറക്കാനാകാത്ത മറുപടിയായിരിക്കും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രണത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കശ്മീരിലെ രക്തച്ചൊരിച്ചിലിന് പരിഹാരം കാണണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും ഒരുമിച്ചു നില്‍ക്കണമെന്നും അവര്‍ വ്യക്തമാക്കി. താഴ്‌വരയില്‍ നിന്ന് ഭീതിതമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു