ദേശീയം

ആര്‍എസ്എസ് രാമക്ഷേത്രത്തില്‍ നിന്ന് പിടി വിടുമ്പോള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ്?; അധികാരത്തില്‍ എത്തിയാല്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് മുതിര്‍ന്ന നേതാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമം നടത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ മുമ്പ് രണ്ടുതവണ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശ്രമം നടത്തിയിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഇതുസംബന്ധിച്ച തന്റെ നിലപാട് എല്ലാ മാധ്യമങ്ങളും നേരത്തെതന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതാണ്. കോണ്‍ഗ്രസ് നേതൃത്വം അതൊന്നും തള്ളിക്കളഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ബിജെപിക്ക് ആത്മാര്‍ഥതയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാമക്ഷേത്ര വിഷയം ഉയര്‍ത്തി ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. പുല്‍വാമ വിഷയത്തില്‍ പ്രധാനമന്ത്രി മോദി മാത്രമാണ് ദേശസ്‌നേഹിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍, രാജ്യത്തെ ജനങ്ങളെല്ലാം ദേശസ്‌നേഹികളാണ്.

ഉത്തരാഖണ്ഡിലെ കാര്‍ഷിക മേഖലയിലും ഉത്പാദന മേഖലയിലും നേരിടുന്ന മാന്ദ്യം ആശങ്കയുണ്ടാക്കുന്നതാണ്. സംസ്ഥാനത്തെ നിരവധി ഫാക്ടറികള്‍ പൂട്ടി. 50,000 ത്തോളം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. അദാനിയേയും രാംദേവിനെയും പോലെയുള്ള വ്യവസായികള്‍ ഭൂമി മുഴുവന്‍ വാങ്ങിക്കൂട്ടുകയാണ്. ഇതുമൂലം കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ ഭൂമിയില്ലാത്ത അവസ്ഥയാണെന്നും ഹരീഷ് റാവത്ത് ആരോപിച്ചു.

അതേസമയം, രാമക്ഷേത്ര വിഷയം വിട്ട്, കശ്മീരിലെ ഭീകരാക്രമണങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് ആര്‍എസ്എസ് ശ്രമം. വിവിധ പരിവാര്‍ സംഘടനകളുടെ മേഖലാ യോഗത്തില്‍ ഇതിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇത്തരത്തിലുളള മേഖലാ യോഗങ്ങള്‍ ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരികയാണ്. അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ കൃത്യത ഉറപ്പാക്കാനാണ് ആര്‍എസ്എസ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രാമക്ഷേത്രവും മുഖ്യ വിഷയമായി കണ്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനാണ് ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നതോടെ, പ്രചാരണതന്ത്രങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ആര്‍എസ്എസ് തീരുമാനിക്കുകയായിരുന്നു.

രാമക്ഷേത്രത്തിന് പകരം ഭീകരവാദം മുഖ്യ പ്രചാരണവിഷയമാക്കാനാണ് ആര്‍എസ്എസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകതയാണ് മുഖ്യമായി ആര്‍എസ്എസ് ഉയര്‍ത്തിക്കാട്ടുക. ഇതിനായി മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത ഓരോ കുടുംബത്തെയും ബോധ്യപ്പെടുത്താനുളള ശ്രമങ്ങള്‍ക്കാണ് ആര്‍എസ്എസ് രൂപം നല്‍കുന്നത്.

ഇതൊടൊപ്പം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തെയും 50 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെയും താരതമ്യം ചെയ്്ത് മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുളള ലഘുലേഖകളും പ്രചരിപ്പിക്കും. ഇതിനായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ലഘുലേഖകള്‍ കൈമാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ