ദേശീയം

ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കാന്‍ 27 അതിര്‍ത്തിഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് നിര്‍ദേശം ; കശ്മീരില്‍ വന്‍ സന്നാഹം

സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍ : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വന്‍ സന്നാഹം ഒരുക്കുന്നു. പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് നിയോഗിച്ചു. 45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബിഎസ്എഫ്, 10 കമ്പനിഎസ്എസ്ബി, ഐടിബിപി സൈനിക വിഭാഗങ്ങളെയാണ് ഇന്നലെ അടിയന്തരമായി വിമാനമാര്‍ഗം കശ്മീരിലെത്തിച്ചത്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഎസ്എഫിനെ കശ്മീരില്‍ നിയോഗിക്കുന്നത്. 

രജൗറി ജില്ലയിലെ നൗഷേര ഭാഗത്ത് അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഏതു നിമിഷവും ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കാന്‍ സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്നലെ ഉച്ച മുതല്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങളും വട്ടമിട്ട് പറക്കാന്‍ തുടങ്ങി. ഇതോടെ ഇന്ത്യ തിരിച്ചടിക്കാന്‍ കോപ്പുകൂട്ടുന്നതായി അഭ്യൂഹങ്ങളും ശക്തമായി. അതിര്‍ത്തിയില്‍ പാകിസ്ഥാനും സൈനിക സന്നാഹം വര്‍ധിപ്പിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിനിടെ സംസ്ഥാനത്ത് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത് പൊലീസ് ശക്തമാക്കി. ജമ്മുകശ്മീര്‍ വിമോചന മുന്നണി തലവന്‍ യാസിന്‍ മാലിക്, ജമാ അത്തെ ഇസ്ലാമി കശ്മീര്‍ തലവന്‍ അബ്ദുള്‍ ഹമീദ് ഫയസ് എന്നിവരടക്കം 150 ഓളം വിഘനവാദി നേതാക്കളെ പൊലീസ് തടങ്കലിലാക്കി.  പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ് വരയില്‍ ഇന്ന് കടകള്‍ അടച്ച് പ്രതിഷേധിക്കാന്‍ വിഘടനവാദികള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. 

അതേസമയം 44 രാജ്യങ്ങളിലെ ഇന്ത്യന്‍ സൈനിക പ്രതിനിധികളുടെ യോഗം കേന്ദ്രപ്രതിരോധമന്ത്രാലയം വിളിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താനും ഇന്ത്യക്ക് മറ്റു രാജ്യങ്ങളുടെ സഹകരണം ലഭ്യമാക്കാനും കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. 

വിവിധ രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളിലെ 44 ഇന്ത്യന്‍ സൈനിക അറ്റാഷെമാരുടെ യോഗമാണ് നാളെയും മറ്റന്നാളുമായി ഡല്‍ഹിയില്‍ ചേരുക. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനാണ് യോഗം വിളിച്ചുചേര്‍ത്തത്. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ, നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ എന്നിവരും യോഗത്തില്‍ സംബന്ധിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ