ദേശീയം

പുതുവർഷം തെരഞ്ഞെടുപ്പ് കാലം; വരാനിരിക്കുന്നത് ലോക്സഭയിലേക്കടക്കം ഒൻപത് ഇലക്ഷനുകൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പുതുവർഷം പിറന്നതോടെ മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നമ്മുടെ രാജ്യം കടക്കുകയാണ്. 17ാം ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ ഇനി 100നടുത്ത് ദിവസങ്ങളെ ബാക്കിയുള്ളു. ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാലുടൻ തെരഞ്ഞെടുപ്പു കമ്മീഷൻ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാത്രം വർഷമല്ല.  ലോക്സഭയിലേക്കടക്കം ഈ വർഷം രാജ്യത്ത് ഒൻപത് തെരഞ്ഞെടുപ്പുകളാണ് അരങ്ങേറാനിരിക്കുന്നത്.

എട്ട് സംസ്ഥാന നിയമസഭകളിലേക്കും ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ്, സിക്കിം എന്നിവയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനങ്ങൾ. ഏപ്രിൽ, മെയ് മാസങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും – ആന്ധ്ര, ഒഡിഷ, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകൾ ഒക്ടോബറിലോ നവംബറിലോ ആയിരിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ കക്ഷികൾ അണിയറയിൽ തിരക്കിട്ട ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബിഹാർ, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മഹാ സഖ്യങ്ങൾ രൂപമെടുത്തിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും ചർച്ചകൾ പല ഘട്ടങ്ങളിലാണ്.

ഈ സംസ്ഥാനങ്ങളിൽ നാലിടത്ത് ബിജെപി ഭരണത്തിലാണ് – മഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ. ആന്ധ്രയിൽ തെലുങ്കുദേശവും ഒഡിഷയിൽ ബിജു ജനതാദളുമാണ് ഭരണത്തിൽ. സിക്കിമിൽ പവൻ കുമാർ ചാംലിങ്ങിന്റെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് കഴിഞ്ഞ 20 വർഷമായി അധികാരത്തിലാണ്. ജമ്മു – കശ്മീർ ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലും.

2018 പകുതി വരെ രാജ്യത്ത് നിലനിന്ന ഒരു പൊതുധാരണ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിൽ തിരിച്ചുവരുമെന്നും ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം തന്നെ ഇന്ത്യ ഭരിക്കുമെന്നുമാണ്. എന്നാൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തത് 2018 കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിൽ ഒന്നായിരുന്നു. അതോടെ നരേന്ദ്ര മോദി അജയ്യനും അപ്രതിരോധ്യനുമാണെന്ന തോന്നലിന് ഇളക്കം തട്ടി.

രാജ്യത്തെ രാഷ്ട്രീയം ഇപ്പോൾ പ്രവചനാതീതമാം വിധം കലങ്ങി മറിഞ്ഞ നിലയിലാണ്. വളരെ ശക്തമായ അടിയൊഴുക്കുകളാണ് പലയിടത്തും കാണുന്നത്. സാമ്പത്തിക മേഖലയിലെ തകർച്ച, കാർഷിക മേഖലയിൽ നിലനിൽക്കുന്ന വ്യാപകമായ അസംതൃപ്തി, നോട്ട് നിരോധനം അടിച്ചേൽപ്പിച്ച തളർച്ച, ചരക്ക്, സേവന നികുതി നടപ്പാക്കിയതിലെ അപാകതകൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ബിജെപിക്കെതിരെ നീങ്ങുന്നുണ്ട്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി തരംഗം ആഞ്ഞടിച്ചുവെങ്കിൽ ഇപ്പോൾ ബിജെപിക്ക് അങ്ങനെയൊരു മുൻതൂക്കമില്ല. അന്ന് ഓരോ സംസ്ഥാനത്തും നേടിയ സീറ്റുകൾ നിലനിർത്താൻ കഴിയുമെന്ന് ബിജെപി തന്നെ കരുതുന്നില്ല. കഴിഞ്ഞ തവണ ഉത്തരേന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളിൽ ബിജെപിക്കു ലഭിച്ച സീറ്റുകൾ ഇങ്ങനെ ആയിരുന്നു– ഉത്തർപ്രദേശ് 80ൽ 71, ബിഹാർ 40ൽ 22, രാജസ്ഥാൻ 25ൽ 25, ഹരിയാന 10ൽ 10, മധ്യപ്രദേശ് 29ൽ 16, ഛത്തീസ്ഗഡ് 11ൽ 10, ഡൽഹി ഏഴിൽ 7, ജാർഖണ്ഡ് 14ൽ 12, ഉത്തരാഖണ്ഡ് അഞ്ചിൽ അഞ്ചും. ചുരുക്കത്തിൽ വിജയം ആവർത്തിക്കുക എളുപ്പമാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍