ദേശീയം

ജീവനോടെയോ അല്ലാതെയോ; ഖനിയില്‍ കുടുങ്ങിയവരെ എത്രയും വേഗം പുറത്തെടുക്കണമെന്ന് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മേഘാലയയിലെ കല്‍ക്കരി ഖനികളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ ജീവനോടെയോ അല്ലാതെയോ പുറത്തെത്തിക്കണമെന്ന് സുപ്രിം കോടതി. ജീവനോടെ അവരെ തിരികെ രക്ഷിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞ കോടതി, രക്ഷാപ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. 

മൂന്നാഴ്ചയായിട്ടും രക്ഷാപ്രവര്‍ത്തനം എവിടെയും എത്തിയില്ലെന്നും സൈന്യത്തിന്റെ സേവനം തേടാന്‍ വൈകിയെന്നും കോടതി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്നും അടിയന്തരമായി തീരുമാനം കാണേണമെന്നും കോടതി പറഞ്ഞു.  ഡിസംബര്‍ 13 ന് അപകടമുണ്ടായിട്ടും ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകം അപകടം അറിഞ്ഞത്. 15 ആളുകള്‍ 320 അടി താഴ്ചയുള്ള ' എലിമാളം' പോലുള്ള അനധികൃത ഖനികളില്‍ കുടങ്ങിയിട്ട് ഇതുവരേക്കും രക്ഷിക്കാന്‍ കഴിയാത്തത് പിടിപ്പുകേടാണ് എന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ സമയം കഴിഞ്ഞുവെന്നും ജീവനോടെ പ്രിയപ്പെട്ടവരെ ഇനി കാണാന്‍ കഴിയില്ലെന്നുമാണ് ഖനിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. 

നേവിയും അഗ്നിശമന സേനാംഗങ്ങളും പലതവണ ശ്രമിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല. ഖനികളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ മരിച്ചു പോയിരിക്കാമെന്നും  നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ ഇതിനിടെ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. മണ്ണിടിച്ചിലിനൊപ്പം ഖനികള്‍ക്കുള്ളില്‍ വെള്ളം കൂടി നിറഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായത്. 

വെള്ളം പമ്പ് ചെയ്ത് കളയാന്‍ ശേഷിയുള്ള മോട്ടോറുകളുടെ അഭാവവും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു. മേഘാലയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉദാസീനത ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കിഴക്കന്‍ ജയന്തിയ മലനിരകളിലാണ് അപകടമുണ്ടായ ' എലിമാള' ഖനികള്‍ സ്ഥിതി ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ