ദേശീയം

'ഞാന്‍ ഇറങ്ങാം ഖനിയില്‍, എന്റെ മകനെ ഞാന്‍ രക്ഷിക്കാം' ; അപേക്ഷയുമായി കുട്ടിത്തൊഴിലാളിയുടെ പിതാവ്

സമകാലിക മലയാളം ഡെസ്ക്

ഭന്‍ഗ്നാമരി (അസം): മേഘാലയയിലെ സായ്പുങ്ങ് കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തന്റെ മകനെ രക്ഷിക്കാന്‍ ഒരവസരം നല്‍കണമെന്ന ആവശ്യവുമായി മുന്‍ ഖനി തൊഴിലാളി കൂടിയായ പിതാവ് രംഗത്തെത്തി. സോലിബര്‍ റഹ്മാനാണ് തന്റെ മകനെ പുറത്തെത്തിക്കാനായി അവസരം തരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഏതാണ്ട് 30 വര്‍ഷത്തോളം ഖനിയില്‍ തൊഴിലാളിയായിരുന്നു സോലിബര്‍. 

ഇക്കഴിഞ്ഞ ഡിസംബര്‍ 13നാണ് 22ഓളം കുട്ടി തൊഴിലാളികള്‍ 380 അടിയോളം താഴ്ചയുള്ള ഖനിയില്‍ കുടുങ്ങിയത്. സംഭവം നടന്നിട്ട് ഇത്ര ദിവസമായിട്ടും അവരെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. 

അടുത്തുള്ള നദിയില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് മണ്ണിടിഞ്ഞത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. ഖനിയിലെ വെള്ളം പമ്പ് ചെയ്തുകളയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് രക്ഷാസേന. ഏതാണ്ട് 70 അടിയോളം ഉയരത്തില്‍ ഖനിയില്‍ വെള്ളമുണ്ടെന്നാണ് കരുതുന്നത്. ഇത്രം ദിവസം കഴിഞ്ഞതും ഖനിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതും ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.  

അതിനിടെയാണ് സോലിബര്‍ ആവശ്യവുമായി രംഗത്തെത്തിയത്. 1983 മുതല്‍ 2012 വരെ അവിടെ ഖനിയില്‍ തൊഴിലെടുത്ത വ്യക്തിയാണെന്നും എങ്ങനെയാണ് ഖനിയില്‍ ഇറങ്ങേണ്ടതെന്നും അവിടെ നിന്ന് പുറത്തു കടക്കേണ്ടതെന്നും തനിക്കറിയാമെന്നും ഇയാള്‍ പറയുന്നു. ഖനിയില്‍ കുടുങ്ങിയവരില്‍ മകനുമുണ്ട്. അവനെ കണ്ടെത്താന്‍ വേണ്ടിയാണ് അനുവാദം ചോദിക്കുന്നത്. 

ഖനിയില്‍ ഇറങ്ങാന്‍ അവസരം തരണമെന്ന് മേഘാലയ സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്. വെള്ളം പമ്പ് ചെയ്ത് കളഞ്ഞാല്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സാധിക്കും. 30 വര്‍ഷം അവിടെ തൊഴിലെടുത്തതിനിടയില്‍ ഖനിയില്‍ നിന്ന് മരിച്ച പലരുടേയും മൃതദേഹങ്ങള്‍ താന്‍ പുറത്തെത്തിച്ചിട്ടുണ്ടെന്നും സോലിബര്‍ വ്യക്തമാക്കി. 

രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാത്ത സര്‍ക്കാര്‍ നടപടിയേയും സോലിബര്‍ വിമര്‍ശിച്ചു. സാധാരണ പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തേക്കൊഴുക്കുന്നത് പ്രായോഗികമല്ല. ഹൈ പവര്‍ പമ്പുകള്‍ തന്നെ ഉപയോഗിക്കണമെന്നും സോലിബര്‍ പറഞ്ഞു. 

2014ല്‍ സംസ്ഥാനത്തെ അനധികൃത എലിമാള ഖനികള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അത്തരത്തില്‍ നിരോധിച്ച ഖനിയിലാണ് യുവാക്കളടക്കമുള്ള തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്. ജീവനോടോ അല്ലാതെയോ തൊഴിലാളികളെ ഉടന്‍ പുറത്തെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി