ദേശീയം

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പൊതുവിഭാഗങ്ങളിലെ  സാമ്പത്തികമായി  പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്  സര്‍ക്കാര്‍ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ടാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചത്. ബില്ലിന്റെ കോപ്പി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ബില്ലിന്മേല്‍ ഉച്ചയ്ക്ക് ശേഷം ചര്‍ച്ച തുടങ്ങും. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത് പരിഗണിച്ച് ബിജെപിയും കോണ്‍ഗ്രസും അംഗങ്ങളോട് സഭയില്‍ ഹാജരുണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് പൊതുവിഭാഗങ്ങളിലെ  സാമ്പത്തികമായി  പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്  സര്‍ക്കാര്‍ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നിലവിലുള്ള 50 ശതമാനം സംവരണത്തിനു പുറമെയായിരിക്കുമിത്. ഇതിനായി ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണ് തീരുമാനം.

ഭരണഘടനാ ഭേദഗതികള്‍ പാസാക്കാന്‍ പാര്‍ലമെന്റിന്റെ  ഇരുസഭയിലും ഹാജരാകുന്ന മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തില്‍, പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ രണ്ടു മാസം മാത്രം  ശേഷിക്കെ തിരക്കിട്ട്  എടുത്ത തീരുമാനം രാഷ്ട്രീയ തട്ടിപ്പാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നടപ്പ് സമ്മേളനത്തില്‍ തന്നെ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനായി സഭാസമ്മേളനം നീട്ടാനുള്ള നിര്‍ദേശം  ലോക്‌സഭ കാര്യോപദേശസമിതി യോഗത്തില്‍ മുന്നോട്ടുവച്ചു.

എന്നാല്‍ സഭാസമ്മേളനം നീട്ടുന്നതിനോട് പ്രതിപക്ഷം വിയോജിച്ചു. ഭരണഘടന ഭേദഗതിബില്‍ അവതരിപ്പിക്കാന്‍ ശീതകാലസമ്മേളനം  താത്കാലികമായ മരവിപ്പിക്കാനുള്ള ( പ്രൊറോഗ്) നടപടിയിലേക്ക്  നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രൊറോഗ് ചെയ്താല്‍ രാഷ്ട്രപതിയുടെ വിജ്ഞാപനം കൂടാതെ വീണ്ടും സഭ ചേരാനാകും. അതേസമയം ബില്ലുകള്‍ പാസാക്കാന്‍ കഴിയാതെ വന്നാല്‍, മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍-ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും എന്നാല്‍ പ്രതിപക്ഷം സഹകരിച്ചില്ലെന്നും പ്രചാരണം സംഘടിപ്പിക്കുകയാണ്  ബിജെപിയുടെ ലക്ഷ്യമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ