ദേശീയം

ഞങ്ങളുടെ കുട്ടികള്‍ക്ക് രാജ്യദ്രോഹികളാകാന്‍ സാധിക്കില്ല; കേസിനെ കോടതിയില്‍ നേരിടും: ജെഎന്‍യു കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്ന് ഡി രാജ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍  ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി സിപിഐ. കേസിനെ നിയമപരമായി കോടതിയില്‍ നേരിടുമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. 

കേസിനാസ്പദമായ സംഭവം നടന്ന് മൂന്നുവര്‍ഷം കഴിഞ്ഞാണ് കനയ്യ കുമാര്‍ ഉള്‍പ്പെടയുള്ള എഐഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് പെട്ടെന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഞങ്ങള്‍ ആദ്യം മുതല്‍ പറയുന്നതാണ്. ഒരാള്‍ക്കും എഐഎസ്എഫിന് എതിരെ രാജ്യദ്രോഹ കുറ്റം ആരോപിക്കാന്‍ സാധിക്കില്ല. അത്തരത്തിലുള്ള പ്രവൃത്തികളില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥിതകള്‍ ഇടപെടില്ല. കേസിനെ കോടതിയില്‍ നേരിടും- ഡി രാജ പറഞ്ഞു. 

കനയ്യ ഉള്‍പ്പെടെ പത്തുപേര്‍ക്ക് എതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ്, കശ്മീര്‍ സ്വദേശികളായ അഖ്വീബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷാറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആകെ 35 പ്രതികളാണുള്ളത്. ഡി രാജയുടെ മകളും എഐഎസ്എഫ് നേതാവുമായ അപരാജിത രാജയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റും എഐഎസ്എ നേതാവുമായ ഷെഹ്‌ല റാഷിദും കേസിലെ പ്രതിയാണ്. കുറ്റുപത്രം സ്വീകരിച്ച കോടതി, കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. 

ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 1,200പേജുകകളാണുള്ളത്. 2016 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്യാമ്പസില്‍ നടക്കുന്ന രാജ്യവിരുദ്ധ പരിപാടിയെ കുറിച്ച് അറിയാമായിരുന്നിട്ടും കനയ്യ പരിപാടി തടഞ്ഞില്ലെന്നും ഉമര്‍ ഖാലിദും അനിര്‍ബനും പുറത്തു നിന്ന് ആളുകളെ കൊണ്ടുവരുന്ന കാര്യം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് അറിയാമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി ഒമ്പതിന് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ നടന്ന പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന്്  കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘത്തെ പൊലീസ് തടഞ്ഞു. അതോടെ കനയ്യ കുമാര്‍ മുന്നോട്ടു വന്ന് സുരക്ഷാ ഉദ്യേഗസ്ഥരോട് കയര്‍ക്കുകയും സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതോടെ രാജ്യത്ത് കടുത്ത വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. വ്യാജമായി നിര്‍മ്മിച്ച വീഡിയോകളാണ് കനയ്യക്കും സംഘത്തിനും എതിരെ പൊലീസ് തെളിവായ് സ്വീകരിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കണ്ടെത്തിയിരുന്നു. 

നിലവില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ കനയ്യ കുമാര്‍, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കന്‍ തയ്യാറെടുക്കുന്ന വേളയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബിഹാറിലെ ബഗുസരായില്‍ നിന്ന് കനയ്യ ജനവിധി തേടുമെന്നാണ് വാര്‍ത്തകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)