ദേശീയം

ജെഎൻയുവിൽ ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എബിവിപിക്കാർ; നിർണായക വെളിപ്പെടുത്തലുമായി മുൻ നേതാക്കൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു)യിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ എബിവിപി നേതാക്കൾ. ക്യാംപസിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവർത്തകരും അനുഭാവികളുമാണെന്ന് ഇരുവരും വെളിപ്പെടുത്തി. ജെഎൻയു എബിവിപി യൂണിറ്റ് മുൻ വൈസ് പ്രസിഡന്റ് ജതിൻ ഗൊരയ്യ, മുൻ ജോയിന്റ് സെക്രട്ടറി പ്രതീപ് നർവാൾ എന്നിവരാണു ഡൽഹി പൊലീസിനെയും കേന്ദ്ര  സർക്കാരിനെയും പ്രതിരോധത്തിലാക്കി രംഗത്തെത്തിയത്.

മുൻ യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ, നേതാക്കളായ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ തുടങ്ങി 10 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണു പുതിയ വെളിപ്പെടുത്തൽ. ദലിത് വിദ്യാർഥി നേതാവ് രോഹിത് വേമുലയുടെ മരണത്തിനു ലഭിച്ച മാധ്യമ ശ്രദ്ധ വഴിതിരിച്ചു വിടാനാണു രാജ്യദ്രോഹ വിവാദം എബിവിപി ഉണ്ടാക്കിയതെന്നും ഇവർ പറയുന്നു. 

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും എബിവിപി പ്രവർത്തകർ കടന്നുകൂടിയിരുന്നെന്നുമുള്ള കനയ്യ കുമാർ, ഉമർ ഖാലിദ് തുടങ്ങിയവരുടെ വാദം ശരിവയ്ക്കുന്നതാണു മുൻ എബിവിപി നേതാക്കളുടെ വെളിപ്പെടുത്തൽ.

2016 ഫെബ്രുവരി ഒൻപതിന്ന ജെഎൻയു ക്യാംപസിലെ അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാണു പരാതി. മൂന്ന് വർഷത്തിനു ശേഷം തിങ്കളാഴ്ചയാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ജെഎൻയു സംഭവത്തിന് ഒരു മാസം മുൻപു 2016 ജനുവരിയിലാണു ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ രോഹിത് വേമുല ജീവനൊടുക്കിയത്. സംഭവത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെയുള്ളവർ ആരോപണ വിധേയരായിരിക്കെയായിരുന്നു ജെഎൻയു വിവാദം.

അതേസമയം വെളിപ്പെടുത്തൽ തള്ളി എബിവിപി ദേശീയ അധ്യക്ഷൻ ആശിഷ് ചൗഹാൻ രം​ഗത്തെത്തി. മുൻ നേതാക്കളുടെ വെളിപ്പെടുത്തൽ കോൺ​​​ഗ്രസ് കളിക്കുന്ന രാഷ്ട്രീയ നാടകമാണ്. ഇരുവരും ആരോപിക്കുന്നതിന് ഒരു തെളിവുമില്ല. കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയും സംഘവും ചേർന്ന് നടത്തുന്ന ​ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ