ദേശീയം

19കാരിയുടെ മൃത​ദേഹം ഫ്ലാറ്റുകൾക്കിടയിൽ; പുറത്തെത്തിച്ചത് കെട്ടിട ഭാ​ഗം പൊളിച്ച്; ​ദുരൂഹത, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

നോയ്ഡ: നാല് ദിവസം മുൻപ് കാണാതായ വീട്ടുജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തി. രണ്ട് ബഹുനില കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു മൃത​ദേഹം. ബിഹാര്‍ സ്വദേശിനി സോനാമുനി (19) ‌‌യുടെ മൃത​​ദേഹമാണ് കണ്ടെത്തിയത്. നോയ്ഡയിലെ അമരാപള്ളി സിലിക്കോണ്‍ സിറ്റിയിലാണ് സംഭവം.

അടുത്തടുത്ത രണ്ട് കൂറ്റന്‍ ഫ്ലാറ്റുകള്‍ക്കിടയിലുള്ള ഒരടിയോളം വരുന്ന വിടവിലാണ് മൃതദേഹം കണ്ടെത്തിയത്. ടവര്‍ സി, ടവര്‍ ബി എന്നീ ഫ്ലാറ്റുകള്‍ക്കിടയിലായിരുന്നു മൃതദേഹം. ഫ്ലാറ്റുകളിലൊന്നായ ടവര്‍ ഡിയിലെ 18ാം നിലയിലെ താമസക്കാരനായ ജയ്പ്രകാശിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു മരിച്ച സോനാമുനി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സോനാമുനിയെ കാണാതായത്. 

ഫ്ലാറ്റുകള്‍ക്കിടയിലുള്ള വിടവില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി താമസക്കാരിലൊരാള്‍ പരാതിപ്പെട്ടു. ഇതേത്തുടർന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയെങ്കിലും ഇടുങ്ങിയ വിടവില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാൻ സാധിച്ചില്ല. 

പിന്നീട് ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. ഫ്ലാറ്റിന്റെ ഭിത്തിയടക്കം പൊളിച്ച് മണിക്കൂറുകള്‍ നീണ്ടു നിന്ന ശ്രമങ്ങള്‍ക്കൊടുവിൽ മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. 

ബാല്‍കണിയില്‍ നിന്ന് കാല്‍തെറ്റി ഫ്ലാറ്റുകള്‍ക്കിടയിലേയ്ക്ക് വീണായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് സിഐ വിമല്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ മറ്റെന്തെങ്കിലും കാരണം മൂലമാണോ മരിച്ചത് എന്നും അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി