ദേശീയം

വനിതാ നേതാവിനെ ബിജെപി എംഎൽഎ പൊതുമധ്യത്തിൽ തല്ലിച്ചതച്ചു; വിവാദമായപ്പോൾ രാഖി കെട്ടി ഒത്തുതീർപ്പ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: പ്രാദേശിക വിഷയം സംസാരിക്കാനെത്തിയ എന്‍സിപി നേതാവായ വനിതയെ പൊതുമധ്യത്തില്‍ തല്ലിച്ചതച്ച ബിജെപി എംഎല്‍എയുടെ നടപടി വിവാദമായി. സംഭവത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിട്ട എംഎല്‍എ പത്രസമ്മേളനത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരി. അക്രമത്തിന് ഇരയായ വനിതാ നേതാവിന്റെ കൈയില്‍ രാഖി കെട്ടിയാണ് എംഎല്‍എ മാപ്പ് പറഞ്ഞത്. 

ഗുജറാത്തിലെ ബിജെപി എംഎല്‍എയായ ബല്‍റാം തവാനിയാണ് പരാതി നല്‍കാനെത്തിയ നരോദയില്‍ നിന്നുള്ള എന്‍സിപി വനിതാ നേതാവായ നീതു തേജ്‌വാണിയെ അകാരണമായി പരസ്യമായി തല്ലിച്ചതച്ചത്. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രാദേശികമായ ഒരു വിഷയവുമായി ബന്ധപ്പെട്ടാണ് താന്‍ എംഎല്‍എയെ കാണാന്‍ ചെന്നത്. എന്നാല്‍ സംസാരിക്കാന്‍ തുടങ്ങും മുന്‍പ് തന്നെ അദ്ദേഹം തന്നെ അടിച്ചു. താഴെ വീണപ്പോള്‍ ദേഹത്ത് ചവിട്ടി. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന തന്റെ ഭര്‍ത്താവിനെ അക്രമിച്ചതായും നീതു പറയുന്നു. ബിജെപിയുടെ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളതെന്ന് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കുന്നതായും അവര്‍ വ്യക്തമാക്കി. 

സംഭവം വിവാദമായതോടെയാണ് ക്ഷമ ചോദിച്ച് എംഎല്‍എ രംഗത്തെത്തിയത്. അവര്‍ തന്റെ സഹോദരിയാണെന്നും അവരോട് മാപ്പ് ചോദിക്കുന്നതായും ബല്‍റാം തവനി പറഞ്ഞു. പരസ്പരമുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. അവരെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. എത് സമയത്തും എന്ത് സഹായത്തിനും വനിതാ നേതാവിന് തന്നെ സമീപിക്കാമെന്നും തവനി വ്യക്തമാക്കി. 

പറ്റിയ തെറ്റ് തിരിച്ചറിയുന്നുണ്ട്. 22 വര്‍ഷമായി താന്‍ രാഷ്ട്രീയത്തിലുണ്ട്. ആദ്യമായാണ് ഇത്തരമൊരു സംഭവം. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

പത്രസമ്മേളനം നടത്തിയായിരുന്നു എംഎല്‍എയുടെ മാപ്പ് പറച്ചില്‍. വനിതാ നേതാവിന്റെ കൈയില്‍ രാഖി കെട്ടിയായിരുന്നു എംഎല്‍എ ക്ഷമ ചോദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ