ദേശീയം

വോട്ടു ചെയ്തവരും ചെയ്യാത്തവരും ഒരുപോലെ; കേരളം വാരാണസി പോലെ പ്രിയപ്പെട്ട ഇടം: പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: വോട്ടു ചെയ്തു വിജയിപ്പിച്ചവരെ മാത്രമല്ല, വോട്ടു ചെയ്യാത്തവരെയും ഒപ്പം കാണുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പു വിജയം മാത്രമല്ല, ജനസേവനവും രാഷ്ട്ര നിര്‍മാണവുമാണ് ബിജെപിയുടെ ലക്ഷ്യം. വാരാണസി പോലെ തന്നെ തനിക്കു പ്രിയപ്പെട്ട ഇടമാണ് കേരളമെന്നും ഗുരുവായൂരില്‍ ബിജെപിയുടെ അഭിനന്ദന്‍ സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. 

രാഷ്ട്രീയ പണ്ഡിതര്‍ക്ക് ഒരു പിടിയും കൊടുക്കാത്ത ജനവിധിയായിരുന്നു ഈ തെരഞ്ഞെടുപ്പിലേത്. ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. ഈശ്വര രൂപത്തില്‍ എത്തിയ ഈ ജനങ്ങളുടെ മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തില്‍നിന്ന് ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടിയില്ല. എന്നിട്ടും ഇവിടത്തെ ജനങ്ങള്‍ക്ക് മോദി എന്തിനു നന്ദി അര്‍പ്പിക്കുന്നു എന്ന് രാഷ്ട്രീയ പണ്ഡിതര്‍ കരുതുന്നുണ്ടാവും. വോട്ടു ചെയ്തു വിജയിപ്പിച്ചവരെ മാത്രമല്ല, വോട്ടു ചെയ്യാതിരുന്നവരെയും ഒപ്പം കാണുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. വാരാണസി പോലെ തന്നെ തനിക്കു പ്രിയപ്പെട്ട ഇടമാണ് കേരളം. 

തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നവരല്ല ബിജെപി പ്രവര്‍ത്തകര്‍. അവര്‍ നാടിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജനസേവനം ഈശ്വര ആരാധനയായി കരുതുന്നവരാണ് അവര്‍. സര്‍ക്കാര്‍ രൂപീകരണമല്ല, രാഷ്ട്ര നിര്‍മാണമാണ് നമ്മുടെ ലക്ഷ്യം. വിജയവും പരാജയവും അവരെ അതില്‍നിന്നു വ്യതിചലിപ്പിക്കില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ പ്രവര്‍ത്തകര്‍- പ്രധാനമന്ത്രി പറഞ്ഞു.

ടൂറിസം രംഗത്ത് കേരളത്തിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. മൃഗസംരക്ഷണ, ഫിഷറിസ് രംഗങ്ങളിം നേട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധയുണ്ടായത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. നിപയെ നേരിടുന്നതില്‍ കേരള സര്‍ക്കാരിന് കേന്ദ്രത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ടാവും. കേന്ദ്രം ഗൗരവത്തോടെയും സൂക്ഷ്മതയോടെയുമാണ് ഇതിനെ കാണുന്നത്. ജനങ്ങളുടെ ആരോഗ്യ രക്ഷയ്ക്കായി കേന്ദ്രം ആയുഷ്മാന്‍ ഭാരത് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ജനങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാര്‍ ഇതില്‍ പങ്കാളിയായിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ഇതിന്റെ ഭാഗമാവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. അതിന് അനുഗുണമായി, നിഷേധാത്മകതയെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള ജനവിധിയാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഉണ്ടായത്. പുതിയ ഒരിന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ജനവിധിയാണിത്. ഭൂമിയിലെ സ്വര്‍ഗമായ ഗുരുവായൂരിന്റെ മണ്ണില്‍നിന്ന് ആ പ്രതിജ്ഞ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്