ദേശീയം

സമരം കനക്കുന്നു; ബം​ഗാളിലെ മെഡിക്കൽ കോളജുകളിൽ നിന്ന് രാജിവച്ച് 300ഓളം ഡോക്ടർമാർ 

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം കൂടുതൽ രൂക്ഷമാകുന്നു. അതിനിടെ ബം​ഗാളിലെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് 300ഓളം ‍ഡോക്ടർമാർ രാജിവച്ചു. ഡോക്ടർമാർ അക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് രാജി. 

വിഷയത്തിൽ കൽക്കത്ത ഹൈക്കോടതിയും ഇടപെട്ടിട്ടുണ്ട്. വിഷയം ഏഴ് ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമരം രാജ്യ വ്യാപകമായി മാറുകയാണിപ്പോൾ. വിവിധ സംസ്ഥാനങ്ങളിൽ ജൂനിയർ ഡോക്ടർമാർ സമരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിട്ടുണ്ട്. അതിനിടെ പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി ഡോ. ഹർഷവർധൻ ബം​ഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു. 

ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് മര്‍ദനമേല്‍ക്കേണ്ടി വന്നതിന് പിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ ആര്‍ജി കാര്‍ മെഡിക്കല്‍ കൊളജിലെ 69 ഡോക്ടര്‍മാര്‍ രാജിവച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി സമരത്തിനെതിരെയെടുത്ത നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 

സമരം തുടങ്ങിയ കൊൽക്കത്തയിലെ ജൂനിയർ ഡോക്ടർമാരെ പിന്തുണച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച രാജ്യവ്യാപക മെഡിക്കല്‍ ബന്ദ് ആചരിക്കാന്‍ ഐഎംഎ ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ ആറ് വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുതരത്തിലുള്ള മെഡിക്കല്‍ സേവനങ്ങളും നടത്തില്ലെന്നും ഐഎംഎ അറിയിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍ആര്‍എസില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതും തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദിച്ചതും. ആക്രമണത്തില്‍ പരിബാഹയുടെ തലയോടിന് പൊട്ടലേറ്റിട്ടുണ്ട്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

മതിയായ സുരക്ഷ ഉറപ്പുവരുത്താതെ തിരികെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇത് അവര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറിയിച്ചിട്ടുമുണ്ട്. അതേസമയം സമരത്തിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ആണെന്നും അവര്‍ ഹിന്ദു മുസ്‌ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമത ആരോപിച്ചു. മമതയുടെ അനന്തരവനും കൊല്‍ക്കത്തയിലെ കെപിസി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയുമായ അബേഷ് ബാനര്‍ജിയും ഡോക്ടര്‍മാരുടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ