ദേശീയം

അയോധ്യ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമിതി ; സുപ്രിംകോടതി മുന്‍ ജഡ്ജി ഖലീഫുള്ള അധ്യക്ഷന്‍, ശ്രീ ശ്രീ രവിശങ്കര്‍ സമിതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സുപ്രിംകോടതി സമിതിയെ നിയോഗിച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് മൂന്നംഗ സമിതിയെ നിശ്ചയിച്ചത്. സുപ്രിംകോടതി മുന്‍ ജഡ്ജി ഇബ്രാഹിം ഖലീഫുള്ളയാണ് സമിതിയുടെ അധ്യക്ഷന്‍.

ആധ്യാത്മികാചാര്യനായ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരാഴ്ചയ്ക്കകം മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എട്ട് ആഴ്ചയ്ക്കകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. 

ഫൈസാബാദിലായിരിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഉത്തർപ്രദേശ് സർക്കാരിനും കോടതി നിർദേശം നൽകി. കഴിഞ്ഞ ദിവസം കോടതി വാദം കേട്ടപ്പോള്‍ നിര്‍മ്മല്‍ അഖാഡ ഒഴിച്ചുള്ള ഹിന്ദു സംഘടനകളെല്ലാം മധ്യസ്ഥ ചര്‍ച്ചകളെ എതിര്‍ത്തിരുന്നു. ഇത് ഭൂമി തര്‍ക്ക കേസായി പരിഗണിച്ച് തീര്‍പ്പാക്കണമെന്നായിരുന്നു ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. അതേസമയം മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മുസ്ലിം സംഘടനകല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

രണ്ട് സമുദായങ്ങളുടെയും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ചര്‍ച്ചകള്‍ക്കുള്ള സമിതിയെ പ്രഖ്യാപിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയത്തില്‍ ഒരു ശതമാനമെങ്കിലും സമവായത്തിന് സാധ്യതയുണ്ടെങ്കില്‍ ശ്രമിക്കണമെന്നാണ് നിലപാടെന്നും കോടതി അറിയിച്ചു. മധ്യസ്ഥ ചർച്ചകൾ രഹസ്യമായിട്ടായിരിക്കണമെന്നും, ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വിടരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കുമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 

മധ്യസ്ഥ ചര്‍ച്ചയുടെ തീരുമാനത്തിന് നിയമപരമായ സാധുത ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. സുപ്രിംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയുടെ തീരുമാനം സുപ്രിം കോടതി അംഗീകരിച്ചാല്‍ അത് കോടതി വിധിക്ക് സമാനമാണെന്ന് വിധിയില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അയോധ്യ കേസ് പരിഗണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'