ദേശീയം

മോദിക്ക് ചൈനയെ പേടി ; ഷി ജിന്‍പിങിനെ നമസ്‌കരിക്കുന്നതും ഊഞ്ഞാലാട്ടുന്നതുമാണ് മോദിയുടെ നയതന്ത്രമെന്ന് രാഹുല്‍ഗാന്ധി 

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൈനയെ ഭയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം ചൈന തടഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎന്നിലെ ചൈനയുടെ നടപടിക്കെതിരെ മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയം തികഞ്ഞ പരാജയമാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ മോദിക്ക് ഭയമാണ്. മസൂദ് അസര്‍ വിഷയത്തില്‍ ചൈന തുടര്‍ച്ചയായി ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം മിണ്ടുന്നില്ല. ഷി ജിന്‍പിങിനെ നമസ്‌കരിക്കുന്നതും ഊഞ്ഞാലാട്ടുന്നതുമാണ് മോദിയുടെ നയതന്ത്രമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ഇന്നലെയും  ചൈന എതിര്‍ത്തു. ഇതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. 15 അംഗ യു.എന്‍. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന നാലാംതവണയാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നത്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരി 27-ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേലാണ് ബുധനാഴ്ച രാത്രി വൈകി യു.എന്നില്‍ വോട്ടെടുപ്പ് നടന്നത്. 

പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍, രാജ്യത്തിന്റെ പൗരന്‍മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നമാണ് ഇന്ത്യ വ്യക്തമാക്കിയത്. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്. 

പ്രമേയത്തിന്മേല്‍ നിലപാട് അറിയിക്കാന്‍ ഉപരോധസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് യു.എന്‍. പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30-ന് അവസാനിച്ചതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ വ്യക്തമാക്കിയിരുന്നു. 2009, 2016, 2017 വര്‍ഷങ്ങളിലാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന നേരത്തേ എതിര്‍ത്തത്. അതേസമയം മസൂദ് അസര്‍ ആഗോളഭീകരന്‍തന്നെയാണെന്ന് അമേരിക്ക ആവർത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും