ദേശീയം

ദാവൂദ് ഇബ്രാഹിമിനെ കീഴടങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍ പുല്‍വാമ ഭീകരാക്രമണം ഉണ്ടാവില്ലായിരുന്നു; ശരദ് പവാര്‍ വരുത്തിയത് ഗുരുതര വീഴ്ചയെന്ന് പ്രകാശ് അംബേദ്കര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ അനുവാദം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവില്ലായിരുന്നുവെന്ന് പ്രകാശ് അംബേദ്കര്‍. 1990 ല്‍  മുതിര്‍ന്ന അഭിഭാഷകനായ രാം ജഠ്മലാനി വഴിയായിരുന്നു ദാവൂദ് ഇതിനുള്ള താത്പര്യം അറിയിച്ചത്. എന്നാല്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശരദ് പവാര്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. ഇതാണ് പുല്‍വാമ വരെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. 

ഗുരുതരമായ വീഴ്ചയാണ് എന്‍സിപി തലവനായ ശരദ് പവാര്‍ വരുത്തിയത്. ദാവൂദിന്റെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞതിന്റെ കാരണം വ്യക്തമാക്കാന്‍ പവാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായോ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായോ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നുവോ എന്ന് വെളിപ്പെടുത്തണം.

ദാവൂദ് അന്ന് കീഴടങ്ങിയിരുന്നുവെങ്കില്‍, ഓരോ ഭീകരാക്രമണങ്ങള്‍ക്കും ശേഷം പാകിസ്ഥാനിലേക്ക്  വിരല്‍ ചൂണ്ടേണ്ട ആവശ്യം നമുക്കുണ്ടാവില്ലായിരുന്നുവെന്നും ഒരു സ്‌ഫോടനവും ഇന്ത്യന്‍ മണ്ണില്‍ നടക്കില്ലായിരുന്നുവെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു. വഞ്ചിത് ബഹുജന്‍ അഗഡിയുടെ നേതാവാണ് പ്രകാശ് അംബേദ്കര്‍.

അതേസമയം പ്രകാശ് അംബേദ്കറിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബിജെപിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്നും എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. ഇക്കാര്യം നേരത്തേ തന്നെ ശരദ്പവാര്‍ കൃത്യമായി വിശദീകരിച്ചതാണ്. ദാവൂദിനെ പോലൊരു കൊടും കുറ്റവാളിയെ അയാള്‍ പറയുന്ന വ്യവസ്ഥകള്‍ എല്ലാം അംഗീകരിച്ച് കീഴടങ്ങാന്‍ അനുവദിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് ദാവൂദിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.

രാംജഠ്മലാനി അത്ര വലിയ രാജ്യസ്‌നേഹി ആയിരുന്നെങ്കില്‍ എന്ത് കൊണ്ട് ഇന്റര്‍പോളിനെ വിവരം അറിയിച്ചില്ലെന്നും അദ്ദേഹം പിന്നീട് കേന്ദ്രമന്ത്രിയായപ്പോള്‍ ശ്രമിക്കാതിരുന്നതെന്തെന്നും എന്‍സിപി വിമര്‍ശിച്ചു. ബിജെപി സര്‍ക്കാരാണ് ഇന്ന് സംസ്ഥാനത്തും കേന്ദ്രത്തിലും ഭരിക്കുന്നത്. അവര്‍ വിചാരിച്ചാല്‍ ഇന്നും അതിനുള്ള അവസരം ഉണ്ടാക്കാമെന്നും എന്‍സിപി വക്താവ് തുറന്നടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ