ദേശീയം

വ്യവസ്ഥകൾ നീതിയുക്തമല്ല; ആർസിഇപി കരാറിൽ നിന്ന് ഇന്ത്യ തത്കാലം പിൻമാറി

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ (ആര്‍സിഇപി) തത്കാലം ഇന്ത്യ പങ്കാളിയാവില്ല. കരാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ മുഖ്യ ആശങ്കകള്‍ പരിഗണിക്കപ്പെടാത്തിനാലാണ് പിൻമാറ്റം. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈന ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങള്‍ കരാറുമായി മുന്നോട്ടു പോകും. തയ്യാറാകുമ്പോള്‍ ഇന്ത്യക്ക് കരാറിന്റെ ഭാഗമാകാമെന്ന് ചൈനീസ് വാണിജ്യ മന്ത്രി പ്രതികരിച്ചു. 

ഇന്ത്യയുടെ ആശങ്ക പരിഹരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കരാര്‍ വ്യവസ്ഥകള്‍ നീതിയുക്തമല്ലെന്നും കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ചരക്ക്, സേവന,നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ ആശങ്കകള്‍ കരാര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വാണിജ്യ മേഖല സൃഷ്ടിക്കാനുള്ള ആര്‍സിഇപി കരാറിലെ ചില വ്യവസ്ഥകളില്‍ ഇളവു വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചര്‍ച്ചകള്‍ പൂര്‍ണതയിലെത്തിയില്ല. ഇന്ത്യ ഒഴികെയുള്ള 15 രാജ്യങ്ങള്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സോ ആബെ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, വിയറ്റ്നാം പ്രധാനമന്ത്രി നുയെന്‍ ഷ്വന്‍ ഫുക് എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തി. ആര്‍സിഇപി ഉച്ച കോടിയ്ക്ക് മുന്‍പ് 14മത് പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തിലും മോദി പങ്കെടുത്തു. 

അടുത്ത വര്‍ഷം കരാര്‍ ഒപ്പിടാന്‍ തത്വത്തില്‍ ധാരണയായതായി ചൈന വ്യക്തമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരി വരെയാണ് ഇന്ത്യക്ക് സമയം നല്‍കിയിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് തായ്‌ലന്‍ഡ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു.

കരാറിന്റെ ഭാഗമാകുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഇന്ത്യയിൽ ഉയര്‍ന്നത്. പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും ചേര്‍ന്ന് സ്വതന്ത്ര വ്യാപാര മേഖല സൃഷ്ടിക്കുകയാണ് ആര്‍സിഇപി കരാറിന്റെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍