ദേശീയം

പുതിയ മസ്ജിദിന് ബാബറിന്റെ പേര് വേണ്ട ; അബ്ദുല്‍ കലാമിന്റെ പേരിടണം: നിര്‍ദേശവുമായി വിഎച്ച്പി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അയോധ്യയില്‍ സുപ്രിംകോടതി വിധി പ്രകാരം അനുവദിക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ പണിയുന്ന പള്ളിക്ക് ബാബറിന്റെ പേരിടാന്‍ അനുവദിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പള്ളിക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിടണമെന്നാണ് വിഎച്ച്പി നിര്‍ദേശിക്കുന്നത്. ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായോടാണ് വിഎച്ച്പി ഈ ആവശ്യം ഉന്നയിച്ചത്.

വിദേശിയായ ബാബര്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയാണ് സാമ്രാജ്യം സ്ഥാപിച്ചത്. ഇത്തരത്തില്‍ ഒരു ആക്രമണകാരിയുടെ പേര് പുതിയ പള്ളിക്ക് ഇടുന്നത് അനുവദനീയമല്ല. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വളരെയേറെ സംഭാവനകള്‍ നല്‍കിയ നല്ല മുസ്ലിങ്ങള്‍ നിരവധിയുണ്ട്. വീര്‍ അബ്ദുള്‍ ഹമീദ്, അഫ്ഫാഖുള്ള ഖാന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. പുതുതായി നിര്‍മ്മിക്കുന്ന പള്ളിക്ക് ഇവരില്‍ ആരുടെയെങ്കിലും പേരിടണമെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ ആവശ്യപ്പെട്ടു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ട്രസ്റ്റില്‍ അമിത് ഷാ അംഗമാകണമെന്നും വിഎച്ച്പി വക്താവ് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം, പള്ളിയുടെ പേര് ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്നാണ് കേസിലെ പരാതിക്കാരിലൊരാളായ ഇഖ്ബാല്‍ അന്‍സാരി അഭിപ്രായപ്പെട്ടത്. ഏതെങ്കിലും ഭരണാധികാരിയെയോ, അദ്ദേഹത്തിന്റെ ജനകീയതയെയോ ആശ്രയിച്ചല്ല മസ്ജിദ് നിലകൊള്ളുന്നത്. മോസ്‌ക് പണിയുന്നതിന് അനുവദിക്കുന്ന സ്ഥലം സ്വീകരിക്കമോ വേണ്ടയോ എന്നതാണ് നിലവില്‍ സമവായം ഉണ്ടാകേണ്ട ആദ്യ വിഷയമെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

മസ്ജിദ് നിര്‍മ്മാണത്തിന് അനുവദിക്കുന്ന അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നതിനെച്ചൊല്ലി മുസ്ലിം സംഘടനകളില്‍ രണ്ടഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഭൂമി സ്വീകരിക്കുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സുന്നി വഖഫ് ബോര്‍ഡ് യോഗം ചേരാനിരിക്കുകയാണ്. എന്തുതന്നെയായാലും രാജ്യത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും സൗഹാര്‍ദത്തോടെ തന്നെ തുടര്‍ന്നും താമസിക്കും. രാജ്യത്തെ സമാധാനം തകര്‍ക്കുന്ന ഒരു നടപടിയും അനുവദിക്കാനാവില്ലെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ