ദേശീയം

'കോടതി ഉത്തരവ് കളിക്കാനുള്ളതല്ല, ശബരിമല വിധി വായിച്ചു നോക്കൂ' ; സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് നരിമാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല കേസിലെ സുപ്രീം കോടതി ഉത്തരവ് വായിച്ചു നോക്കാനും ഉദ്യോഗസ്ഥരെ അതിനെക്കുറിച്ച് ബോധവാന്മാരാക്കാനും സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍. കോടതി ഉത്തരവ് കളിക്കാനുള്ളതല്ലെന്ന്, മറ്റൊരു കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ജാമ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസിലാണ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് നരിമാന്‍ ശബരിമല കേസ് പരാമര്‍ശിച്ചത്. ഡികെ ശിവകുമാറിന്റെ കേസുമായി ബന്ധപ്പെട്ട് സോളിസിറ്റര്‍ ജനറലിന്റെ ഓഫിസിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ കേസ് തീര്‍പ്പാക്കിയതിനു പിന്നാലെ ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ ശബരിമല കേസ് എടുത്തിടുകയായിരുന്നു.

'മിസ്റ്റര് സോളിസിറ്റര്‍ ജനറല്‍' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്, ഇന്നലത്തെ വിധി വായിച്ചുനോക്കാന്‍ ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടത്. വിധിയെക്കുറിച്ച് നിങ്ങളുടെ ഉദ്യോഗസ്ഥരെ ബോധവാന്മാരാക്കുക. കോടതി ഉത്തരവ് കളിക്കാനുള്ളതല്ലെന്ന്, ക്ഷുഭിതനായി ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

ജസ്റ്റിസ് നരിമാന്റെ പരാമര്‍ശങ്ങളോട് സോളിസിറ്റര്‍ ജനറല്‍ പ്രതികരിച്ചില്ല. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴും അദ്ദേഹം ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞില്ല.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ ഇന്നലെ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി മാറ്റിവച്ചിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങളില്‍ വിശാല ബെഞ്ച് തീര്‍പ്പുകല്‍പ്പിക്കുന്നതുവരെയാണ് പുനപ്പരിശോധനാ ഹര്‍ജികളിലെ തീരുമാനം മാറ്റിവച്ചത്. തീരുമാനം മാറ്റിവയ്ക്കുന്ന വിധിക്കെതിരെ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും നിലപാടെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്