ദേശീയം

ജെഎന്‍യു പ്രക്ഷോഭം: വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ അധികൃതര്‍ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പൂര്‍ണമായും പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് നൂറു മീറ്റര്‍ പരിധിയില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്ന കോടതി നിര്‍ദേശം ലംഘിച്ചു എന്ന് കാട്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍, ഡല്‍ഹി പൊലീസ് എന്നിവര്‍ക്ക് എതിരെയാണ് ഹര്‍ജി.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപത്തിന് കോപ്പുകൂട്ടുക, പൊതു മുതല്‍ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ലോധി കോളനി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ നടത്തിയ ലാത്തി ചാര്‍ജിനും യൂണിയന്‍ ഭാരവാഹികളുടെ അറസ്റ്റിനും പിന്നാലെയാണ് പൊലീസിന്റെ പുതിയ നടപടി.

അതേസമയം, ഫീസ് വര്‍ധനവ് പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. തങ്ങള്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജ് അങ്ങേയറ്റം ഹീനമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയേഷി ഘോഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനിതാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിട്ടും വിദ്യാര്‍ത്ഥിനികളെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുകയായിരുന്നു എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

സമരത്തില്‍ പങ്കെടുത്തുവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഇ മെയില്‍ വഴി നോട്ടീസ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരു രൂപ പോലും വിദ്യാര്‍ത്ഥികള്‍ ഫൈനടക്കില്ല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയേഷി ഘോഷ് പറഞ്ഞു.

മാനവ വിഭവശേഷി വകുപ്പ് നിയോഗിച്ച സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ സര്‍വകലാശാല രജിസ്ട്രാര്‍ വിസ്സമ്മതിക്കുകയാണെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. ഫീസ് വര്‍ധനവ് പൂര്‍ണമായും പിന്‍വലിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു