ദേശീയം

നാനാ പട്ടോളെ 'അഘാടി'യുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ; ഉദ്ധവിന്റെ ആദ്യ പരീക്ഷണം ഇന്ന് ; വിശ്വാസ വോട്ടെടുപ്പ് ഉച്ചയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി -കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാടിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയെ നിശ്ചയിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ടാണ് ഇക്കാര്യം അറിയിച്ചത്. കിഷന്‍ കാത്തോറാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. നാളെയാണ് മഹാരാഷ്ട്ര നിയമസഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ നിന്നുള്ള നേതാവാണ് പട്ടോളെ. സാകോളി മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ നാനാ പട്ടോളെ നിയമസഭയിലേക്ക് വിജയിച്ചത്. കോണ്‍ഗ്രസിന്റെ കര്‍ഷക വിഭാഗം നേതാവാണ് പട്ടോളെ. നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തില്‍ വിട്ടുനിന്നു എന്ന് ശശി തരൂര്‍ പരാതിപ്പെട്ടപ്പോള്‍ എഐസിസി നിരീക്ഷകനായി എത്തിയത് പട്ടോളെയായിരുന്നു.

മുന്‍ ബിജെപി എംപിയാണ് നാന ഫല്‍ഗുന്‍ റാവു പട്ടോളെ. മഹാരാഷ്ട്രയിലെ ബന്ദാരാ ഗോണ്ടിയ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയായിരുന്നു ഇദ്ദേഹം. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെയാണ് ഇദ്ദേഹം തോല്‍പ്പിച്ചത്. ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയുടെ അടുത്ത അനുയായി ആയിരുന്ന നാന പട്ടോളെ 2018 ജനുവരിയിലാണ് ബിജെപിയില്‍ നിന്നും തെറ്റി പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അതേസമയം ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ ആദ്യ പരീക്ഷണം ഇന്ന് നടക്കും. സഖ്യസര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിശ്വാസവോട്ടെടുപ്പ് നടത്താനായി സഭ ചേരുക. 288 അംഗ നിയമസഭയില്‍ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ പിന്തുണയുണ്ടെന്ന് ആണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സഖ്യത്തിനു പിന്തുണയുമായി കൂടുതല്‍ സ്വതന്ത്രരും ചെറു പാര്‍ട്ടികളും എത്തിയിട്ടുണ്ട്. സഖ്യത്തിന് എതിര്‍ക്കുന്നില്ലെങ്കിലും സിപിഎം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍