ദേശീയം

എട്ട് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം, 18 അടി നീളം, 3152 കിലോ തൂക്കം; ഷി ജിന്‍പിങിന്റെ 'ഹോങ്ചി'; കാറെത്തിച്ചത് ചൈനയില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേക്ക് പോയത് റോഡിലൂടെ. പ്രധാനമന്തി നരേന്ദ്ര മോദി ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേക്ക് സഞ്ചരിച്ചത് ഹെലികോപ്റ്ററിലും. 

ഷി ജിന്‍പിങ് ചെന്നൈയിലെ ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലില്‍ നിന്ന് കാറിലാണ് മഹാബലിപുരത്തേക്ക് യാത്രയായത്. 57 കിലോമീറ്റര്‍ ദൂരമാണ് ചൈനീസ് പ്രസിഡന്റ് കാറില്‍ സഞ്ചരിച്ചത്. ചൈനീസ് നിര്‍മിത ആഡംബര കാറായ 'ഹോങ്ചി' യിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. 

'ഹോങ്ചി' എന്ന ചൈനീസ് വാക്കിന്റെ അര്‍ഥം 'ചെങ്കൊടി' എന്നാണ്. ഷിക്ക് സഞ്ചരിക്കാനായി ഈ കാര്‍ ചൈനയില്‍ നിന്ന് വിമാന മാര്‍ഗം ഇന്ത്യയിലെത്തിക്കുകയായിരുന്നു. മാവോ സെ തൂങ്ങിന്റെ കാലം മുതല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഉപയോഗിക്കുന്നത് 'ഹോങ്ചി'യാണ്.  

ചൈനീസ് നേതാക്കള്‍ വിമാനത്തിലും കാറിലും മാത്രമേ സഞ്ചരിക്കാറുള്ളു. ചൈനീസ് നയത്തിന്റെ ഭാഗമായി നേതാക്കള്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കാറില്ല. ഇക്കാരണത്തലാണ് ഷി കാറില്‍ സഞ്ചരിച്ചത്. ജി20 ഉച്ചക്കോടിക്കെത്തിയപ്പോഴും ചൈനീസ് പ്രസിഡന്റ് ഹെലികോപ്റ്റര്‍ ഒഴിവാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കാറുള്ള കാഡല്ലാക്ക് കമ്പനിയുടെ 'ദി ബീസ്റ്റ്' എന്ന കാറിന് സമാനമാണ് 'ഹോങ്ചി'യും. 

2014ല്‍ ന്യൂസിലന്‍ഡ് സന്ദര്‍ശിച്ച വേളയില്‍ 'ഹോങ്ചി'യുടെ എല്‍5 കാറുകളാണ് ഷി ഉപയോഗിച്ചിരുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ തെക്ക്- കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പസിഫിക്ക് രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയ സമയത്തും 'ഹോങ്ചി'യിലായിരുന്നു ഷി സഞ്ചരിച്ചത്. 

ഇത്തരത്തില്‍ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശ വേളകളില്‍ 'ഹോങ്ചി' കാറുകള്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ കാറിന്റെ പ്രചാരണം കൂടി ചൈനീസ് പ്രസിഡന്റ് ലക്ഷ്യമിടുന്നുണ്ടാകും. ബെയ്ജിങിലെ ചൈന വിദേശകാര്യ സര്‍വകലാശാല പ്രൊഫസറായ സു ഹവോയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. 

വിദേശ നിര്‍മിത ടയറുകള്‍ ചൈനീസ് കാറുകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശം പാര്‍ട്ടി കേഡറുകള്‍ക്ക് 2012ല്‍ ഷി നല്‍കിയിരുന്നു. മാവോ സെ തൂങിന് ശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവായാണ് ഷി അറിയപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍